അമിത് ഷാ,ദേവേന്ദ്ര ഫഡ്നാവിസ്.ഫോട്ടോ:എ.എൻ.ഐ
മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാകും. ശിവസേന വിമത നേതാവായ ഏക്നാഥ് ഷിന്ദേയെ മുഖ്യമന്ത്രിയായി ഫഡ്നാവിസ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഉപമുഖ്യമന്ത്രി പദം ബി.ജെ.പി. ഏറ്റെടുക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പ്രഖ്യാപിച്ചത്.
മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിന്റെ ഭാഗമാകണമെന്നാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. അതിനാല്‍ ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ ദേവേന്ദ്ര ഫഡ്നാവിസിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ജെ.പി. നദ്ദ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.ഇതിനുപിന്നാലെ ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം ഫഡ്നാവിസ് സ്വീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തു.താന്‍ സര്‍ക്കാരിന്റെ ഭാഗമാകില്ലെന്നാണ് നേരത്തെ ഫഡ്നാവിസ് അറിയിച്ചിരുന്നത്.
'ഒരു പദവിയും നേടുക എന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്നും മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെയും മഹാരാഷ്ട്രയിലെ ജനങ്ങളെയും സേവിക്കുക എന്നതാണ് പാര്‍ട്ടിയുടെ ആത്യന്തിക ലക്ഷ്യമെന്ന് ഏക്നാഥ് ഷിന്ദേയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത തീരുമാനത്തിലൂടെ ബി.ജെ.പി. ഒരിക്കല്‍ കൂടി തെളിയിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങളുടെ ഉന്നമനത്തിനായാണ് ഷിന്ദേയെ പിന്തുണയ്ക്കാന്‍ ബി.ജെ.പി. തീരുമാനിച്ചത്. ദേവേന്ദ്ര ഫഡ്നാവിസ് വലിയ മനസ്സോടെ മന്ത്രിസഭയില്‍ ചേരാന്‍ തീരുമാനിച്ചു. ഇത് മഹാരാഷ്ട്രയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ അടുപ്പം കാണിക്കുന്നു', - നദ്ദ ട്വീറ്റ് ചെയ്തു.
രണ്ടാഴ്ചയോളം മഹാരാഷ്ട്രയില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകത്തിന് അപ്രതീക്ഷിത ക്ലൈമാക്സ് കുറിച്ച് വ്യാഴാഴ്ച വൈകീട്ടാണ് ഷിന്ദേയെ മുഖ്യമന്ത്രിയായി ബി.ജെ.പി. പ്രഖ്യാപിച്ചത്. മന്ത്രിസഭാ വിപുലീകരണവും വകുപ്പ് വിഭജനങ്ങളും ഉടന്‍ നടത്തുമെന്നാണ് വിവരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..