മുംബൈ: താന്‍ വായ തുറന്നാല്‍ രാജ്യം മൊത്തത്തില്‍ കുലുങ്ങുമെന്ന് മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയും  പ്രമുഖ ബി.ജെ.പി നേതാവുമായ ഏക്‌നാഥ് ഖഡ്‌സെ.

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് മന്ത്രി പദം രാജിവച്ച് പുറത്തു പോയി ഒരു മാസത്തിന് ശേഷമാണ് ഖഡ്‌സെ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. 

''എനിക്കെതിരെ വന്ന ആരോപണങ്ങളെ തുടര്‍ന്നാണ് ഞാന്‍ രാജിവയ്ക്കുന്നത്. ഞാന്‍ വായ തുറക്കുകയാണെങ്കില്‍ രാജ്യം മുഴുവനും കുലുങ്ങും-  ഖഡ്‌സെ പറയുന്നു. ജല്‍ഗാവില്‍ തന്റെ അനുയായികളുടെ ഒരു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും ഖഡ്‌സെ പ്രസംഗത്തില്‍ പരോക്ഷമായി വിമര്‍ശിച്ചു. മഹാരാഷ്ട്രയില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുവാന്‍ താന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ശിവസേനയുമായുള്ള ബന്ധം ഉപേക്ഷിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കാമെന്ന നിലപാടെടുത്തത് തന്റെ പ്രവര്‍ത്തന ഫലം കൊണ്ടാണ്. 

തിരഞ്ഞെടുപ്പിന് മുന്‍പ് ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ മഹാരാഷ്ട്രയില്‍ ശിവസേനയുടെ മുഖ്യമന്ത്രിയായിരിക്കും ഇപ്പോള്‍ ഭരിക്കുന്നുണ്ടാവുക. സഖ്യം വേര്‍പിരിക്കാന്‍ ഞാന്‍ നേതൃത്വം നല്‍കിയതു കൊണ്ടാണ് ബിജെപിക്ക് മുഖ്യമന്ത്രിയുണ്ടായതെന്നും ഖട്‌സെ കൂട്ടിച്ചേര്‍ത്തു.

ദാവൂദ് ഇബ്രാഹിമുമായി ഫോണില്‍ പലതവണ ബന്ധം പുലര്‍ത്തിയെന്നതാണ് ഖഡ്സെയെ പ്രതിക്കൂട്ടിലാക്കിയ ഏറ്റവും വലിയ ആരോപണം. വിദ്യാഭ്യാസ സ്ഥാപനത്തിന് സ്ഥലം അനുവദിക്കാന്‍ ഖഡ്സെയുടെ സഹായി 30 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട് അറസ്റ്റിലായതും പുണെയില്‍ വ്യവസായ മേഖലയിലെ ഭൂമി ഭാര്യയുടെയും മരുമകന്റെയും പേരില്‍ കുറഞ്ഞ വിലക്ക് വാങ്ങിയതും പുറത്തുവന്നിരുന്നു. ഖഡ്സെയെ പുറത്താക്കാണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നതിനൊപ്പം ഭരണപങ്കാളിയായ ശിവസേനയും രാജി ആവശ്യം ഉന്നയിച്ചതോടെയാണ് രാജി അനിവാര്യമായത്.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഖഡ്സെ നിഷേധിച്ചിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം അഴിമതി ആരോപണത്തെത്തുടര്‍ന്നു രാജിവയ്ക്കുന്ന ആദ്യ ബിജെപി മന്ത്രിയാണ് ഖഡ്‌സെ.

ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന ആരോപണം ഖഡ്സെക്കെതിരെ  കുറേ കാലമായി നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ വാക്കുകള്‍ രാജ്യത്തെ പിടിച്ചുകുലുക്കുമെന്നു പറയുന്നു. അതിനര്‍ത്ഥം ഖഡ്‌സെയ്ക്ക് ദാവൂദുമായോ ഭീകരസംഘടനകളുമായോ ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അറിയാമെന്നാണ്.  എടിഎസ് ഖഡ്‌സെയെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണം- കോണ്‍ഗ്രസ് നേതാവ് അല്‍ നസീര്‍ സക്കറിയ ആവശ്യപ്പെട്ടു. 

ഖഡ്‌സെ ഏപ്പോഴും പറയാറുണ്ട് താന്‍ തെളിവുകളില്ലാതെ സംസാരിക്കാറില്ല എന്ന്. ഇന്നദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ കയ്യില്‍ എന്തൊക്കെയോ തെളിവുകളുണ്ടെന്നാണ്. നമുക്കദ്ദേഹത്തെ വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ല. ദാവൂദ് ഇബ്രാഹിമുമായോ മറ്റാരോ ആയിട്ടുള്ള സംഭാഷണത്തില്‍ നിന്ന് ലഭിച്ചതാകാം അത്. അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യണം. -എന്‍സിപി വക്താവ് നവാബ് മാലിക്ക് പറഞ്ഞു.