മുംബൈ: ഇന്ത്യ തേടുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഇപ്പോഴും സുരക്ഷിതനായി പാകിസ്താനിലുണ്ടെന്നതിന് സ്ഥിരീകരണം. പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ സംരക്ഷണം ദാവൂദിനുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ ക്രൈംബ്രാഞ്ച്‌ അറസ്റ്റ് ചെയ്ത ഇജാസ് ലക്ടാവാലയെ ചോദ്യം ചെയ്തതിലൂടെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ വിഭാഗത്തിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

പാകിസ്താനില്‍ സുരക്ഷിതനായുള്ള ദാവൂദ് ഇബ്രാഹിമിന്റെ രണ്ട് മേല്‍വിലാസവും ഇജാസില്‍നിന്ന് അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു. (6എ കയബന്‍ തന്‍സിം ഫേസ് 5, ഡിഫന്‍സ് ഹൗസിങ് ഏരിയ, കറാച്ചി പാകിസ്താന്‍), (ഡി-13 ബ്രോക്ക് 4 ക്ലിഫ്ടണ്‍, കറാച്ചി, പാകിസ്താന്‍) എന്നീ രണ്ട് മേല്‍വിലാസങ്ങളാണ് ഇജാസ് ചോദ്യം ചെയ്യലിനിടെ അന്വേഷണ വിഭാഗത്തിന് നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ദാവൂദിന്റെ സുരക്ഷയ്ക്കായി പാകിസ്താനിലെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐ മികച്ച കമാന്‍ഡോ സുരക്ഷ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. പാകിസ്താന്‍ പ്രധാനമന്ത്രി, സൈനിക മേധാവി എന്നിവരുടെ അറിവോടെയല്ലാതെ ഇത് സാധ്യമല്ലെന്നും ഇജാസ് അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. 

ദാവൂദിന് പുറമേ ഛോട്ടാ ഷക്കീലിനും അനീസിനും ഐഎസ്‌ഐ മേല്‍നോട്ടത്തില്‍ വലിയ സുരക്ഷാ വലയമുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് കള്ള പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇവര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നത് ഈ പിന്തുണ ഏജന്‍സികളില്‍നിന്ന് ലഭിക്കുന്നതിനാലാണെന്നും ഇജാസ് വെളിപ്പെടുത്തിയിട്ടുണ്ട്. 

മുമ്പ് ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയും സംഘങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ് ഇജാസ്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകള്‍ ഇജാസിനെതിരെയുണ്ട്. പത്തുവര്‍ഷം മുമ്പ് ഇജാസ് സ്വന്തം കൊള്ളസംഘം രൂപവത്കരിച്ചതോടെ ദാവൂദിന്റെയും ഛോട്ടാ രാജന്റെയും ശത്രുവായി മാറി.

Content Highlights; Ejaz Lakdawala claims Dawood Ibrahim still in Pakistan