ലഖ്‌നൗ: കഠുവയില്‍ എട്ടുവയസ്സുകാരി ക്രൂര ബലാത്സംഗത്തിനൊടുവില്‍ കൊലചെയ്യപ്പെട്ട സംഭവം രാജ്യത്തെ പിടിച്ചു കുലുക്കുമ്പോള്‍ സമാനമായ മറ്റൊരു സംഭവം കൂടി പുറത്തുവരുന്നു. ഉത്തര്‍പ്രദേശിലെ എട്ടയിലാണ് എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 ശീതള്‍പുരിലെ മണ്ഡി സമിതിക്കു സമീപം ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഞായറാഴ്ച കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം തിങ്കളാഴ്ചയാണ് കണ്ടെത്തിയത്.

കല്യാണ ചടങ്ങുകള്‍ക്കിടെ പുലര്‍ച്ചെ 1.30ഓടെയായിരുന്നു സംഭവമെന്നാണ് റിപ്പോര്‍ട്ട്. കല്യാണവീട്ടില്‍നിന്ന് പെണ്‍കുട്ടിയെ തട്ടിയെടുത്ത പ്രതി കുട്ടിയുമായി അല്‍പം അകലെയുള്ള പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തിലെത്തുകയും കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് കുട്ടിയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കുട്ടിയെ കാണാതെ സമീപവാസികള്‍ പ്രദേശത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഏട്ട സ്വദേശിയായ സോനു (18) വിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹത്തിനു സമീപം മദ്യപിച്ച് ലക്കുകെട്ട നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് സൂപ്രണ്ട് അഖിലേഷ് കുമാര്‍ ചൗരസ്യ പറഞ്ഞു.

സംഭവം അറിഞ്ഞ് മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. വലിയ പോലീസ് സംഘം മേഖലയില്‍ തമ്പടിച്ചിട്ടുള്ളതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Content Highlights: eight year-old raped, Uttar Pradesh, Etah, Girl raped in UP