ന്യൂഡല്‍ഹി: കേരള എംപിമാരായ കെ.കെ രാഗേഷും എളമരം കരീമും ഉള്‍പ്പടെ കഴിഞ്ഞ ദിവസം കാര്‍ഷിക ബില്ല് ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ പ്രതിഷേധിച്ച എട്ട് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. ബിജെപി എംപിമാര്‍ നല്‍കിയ പരാതിയില്‍ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റേതാണ് നടപടി. സസ്പെന്‍ഡ് ചെയ്തിട്ടും സഭ വിടാതെ എംപിമാര്‍ പ്രതിഷേധം തുടരുകയാണ്. ഇതേ തുടര്‍ന്ന് സഭ പല തവണ നിര്‍ത്തിവെച്ചു. അംഗങ്ങൾക്ക് വിശദീകരണത്തിനുള്ള സാവകാശം നൽകിയില്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാൽ സർക്കാർ കൊണ്ടുവന്ന പ്രമേയത്തെ തുടർന്നാണ് തീരുമാനമെടുത്തതെന്ന് രാജ്യസഭ അറിയിച്ചു.

അധ്യക്ഷവേദിയിലെ മൈക്ക് പിടിച്ചുവലിക്കുകയും സഭയുടെ റൂള്‍ബുക്ക് കീറിയെറിയുകയും ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയാനേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഡെറിക് ഒബ്രിയാനോട് സഭ ചേര്‍ന്നയുടന്‍ തന്നെ വെങ്കയ്യ നായിഡു പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു.

കെ.കെ.രാഗേഷ്, സഞ്ജയ് സിങ്, രാജീവ് സത്‌വ, ഡെറിക് ഒബ്രിയാന്‍, റിപ്പുന്‍ ബോര, ദോള സെന്‍, സെയ്ദ് നാസര്‍ ഹുസ്സൈന്‍, എളമരം കരീം എന്നീ എട്ട് എംപിമാരെ ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സഭയില്‍ ഇന്നലെ നടന്ന കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

അംഗങ്ങളുടെ സമ്മതമില്ലാതെ സഭ നീട്ടിക്കൊണ്ടുപോയതിലും നിരാകരണ പ്രമേയങ്ങളും ബില്ലുകളും വോട്ടിനിടണമെന്ന ആവശ്യം തള്ളി പാസാക്കാനും ശ്രമിച്ചതില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം ചട്ടപ്രകാരം അംഗീകരിക്കാനാവില്ലെന്ന് വെങ്കയ്യ നായിഡു അറിയിച്ചു.

സസ്‌പെന്‍ഡ് ചെയ്ത എംപിമാര്‍ സഭയില്‍ നിന്ന് പുറത്തുപോകാന്‍ വിസമ്മതിച്ച് പ്രതിഷേധിച്ചതോടെ സഭ പത്തു മണി വരെ നിര്‍ത്തിവെച്ചു.

Content Highlights: Eight members of the House are suspended for a week-rajya Sabha Chaos On Farm Bills