എഡ്ഗര്‍ ജൂലിയന്‍ റെമഡിയോസിന് ഇപ്പോള്‍ നന്നായി ശ്വസിക്കാന്‍ കഴിയുന്നുണ്ട്. യാതൊരു ബുദ്ധിമുട്ടുമില്ലാതെ നടക്കാന്‍ സാധിക്കുന്നുണ്ട്. കോവിഡ്-19 ബാധിതനായി രണ്ടാഴ്ചക്കാലമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റെമഡിയോസ് രോഗത്തെ കുറിച്ച് പറയുന്നത് താന്‍ മരണത്തെ മുഖാമുഖം കണ്ട് മടങ്ങിയെത്തിയെന്നാണ്. 

ഗോവയിലെ ഇഎസ്‌ഐ ആശുപത്രിയില്‍ ചികിത്സയിലുള്ള ഏഴ് കോവിഡ്-19 രോഗികളില്‍ ഒരാളാണ് റെമഡിയോസ്. 15 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോള്‍ ഏകദേശം സാധാരണ അവസ്ഥയിലായി മാറിയിരിക്കുന്നു. എന്‍ജിനിയറായ ഇദ്ദേഹം യുഎസില്‍ സ്ഥിരതാമസക്കാരനാണ്. 

താന്‍ വൈറസ് പോസിറ്റീവാണെന്ന് അറിഞ്ഞ നിമിഷം ഏറെ വിഷമിച്ചത് കുടുംബാംഗങ്ങളെക്കുറിച്ചാലോചിച്ചാണെന്ന് റെമഡിയോസ് പറയുന്നു. ഭാര്യയേയും മക്കളേയും കുറിച്ചാലോചിച്ചപ്പോള്‍ ആധിയായിരുന്നു മനസില്‍. താനില്ലെങ്കില്‍ അവരെങ്ങനെ കഴിയും എന്നായിരുന്നു ചിന്ത. ആ ചിന്ത തന്നെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയെന്നും റെമഡിയോസ് ഓര്‍ക്കുന്നു. 

അഞ്ച് കുടുംബാംഗങ്ങളെ നേരത്തെ തന്നെ റെമഡിയോസിന് നഷ്ടമായിരുന്നു. വൃക്കരോഗവും അര്‍ബുദവും കാരണം രണ്ട് സഹോദരിമാരേയും രണ്ട് സഹോദരന്മാരേയും മാതാപിതാക്കളേയും റെമഡിയോസിന് നഷ്ടമായി. കുടുംബത്തില്‍ അവശേഷിക്കുന്ന ഏക വ്യക്തി താനാണെന്ന് 55 കാരനായ റെമഡിയോസ് പറഞ്ഞു. 

തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ തന്റെ കുടുംബത്തിന് വേണ്ട സഹായം നല്‍കണമെന്ന് തന്റെ ഉന്നതോദ്യോഗസ്ഥരോട് ചികിത്സയില്‍ കഴിയുന്നതിനിടെ റെമഡിയോസ് ആവശ്യപ്പെടുകയും ചെയ്തു. ആശുപത്രിയില്‍ കഴിയുന്ന താന്‍ വിഷമിക്കരുതെന്നും വേഗം സുഖം പ്രാപിക്കുമെന്നും അവര്‍ പറഞ്ഞിരുന്നതായി റെമഡിയോസ് പറഞ്ഞു. 

മെഡിക്കല്‍ കോളേജിലായിരുന്നു ആദ്യം പ്രവേശിപ്പിക്കപ്പെട്ടത്. ടെക്‌സാസിലുള്ള ഭാര്യ ഗൗരിയും മകള്‍ ഗൗരിയും എത്രയും പെട്ടെന്ന് സുഖമാവുമെന്ന് ആശ്വസിപ്പിക്കുമായിരുന്നു. 

മകന്‍ ഇഷാന്‍ അമ്മയുടെ മാതാപിതാക്കളെ കാണാന്‍ ഗോവയിലേക്ക് പുറപ്പെട്ടപ്പോള്‍ കൂടെ വന്നതായിരുന്നു റെമഡിയോസ്. എന്നാല്‍ യുഎസിലേക്കുള്ള യൂറോപ്പ് വഴിയുള്ള മടക്കയാത്ര തടസ്സപ്പെട്ടു. ഉദ്യോഗസംബന്ധമായി ഈജിപ്തിലേക്ക് പോകേണ്ടിയിരുന്നത് കൊണ്ട് യാത്ര അങ്ങോട്ടേക്കായി. ഈജിപ്തില്‍ ഒരാഴ്ച കഴിഞ്ഞ ശേഷം ഹൂസ്റ്റണിലേക്ക് മടങ്ങാന്‍ തുടങ്ങിയപ്പോള്‍ വിമാനം റദ്ദാക്കി. തുടര്‍ന്ന് ഗോവയിലേക്ക് തന്നെ മടങ്ങാന്‍ റെമഡിയോസ് തീരുമാനിച്ചു. 

വൈറസുമായി താന്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയത് നന്നായെന്നും യുഎസിലേക്ക് മടങ്ങിപ്പോയിരുന്നെങ്കില്‍ ഒരു പക്ഷെ ഈ കഥ പറയാന്‍ താന്‍ ജീവിച്ചിരിപ്പുണ്ടാവില്ലായിരുന്നെന്നും ഇദ്ദേഹം പറയുന്നു. മാര്‍ച്ച് 15 ന്  ഗോവയില്‍ മടങ്ങിയെത്തിയപ്പോള്‍ തന്നെ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. തുടര്‍ന്ന് ഒരു മുറിയില്‍ സ്വയം അടച്ചിരുന്നു. രോഗലക്ഷണങ്ങള്‍ കുറയുന്നില്ലെന്ന് കണ്ടതോടെ മാര്‍ച്ച് 22 ന്  ഇദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായി. 

മെഡിക്കല്‍ കോളേജില്‍ നിന്ന് പിന്നീട് ഇഎസ്‌ഐ ആശുപത്രിയിലേക്ക് മാറ്റി. അവിടെയുള്ള ഡോക്ടര്‍മാര്‍ പ്രത്യേകിച്ച് നോഡല്‍ ഓഫീസറായ ഡോ. എഡ്വിന്‍ ഗോമസ് നന്നായി ശുശ്രൂഷിച്ചതായി റെമഡിയോസ് പറയുന്നു. മാര്‍ച്ച് 25 നാണ് കോവിഡ് പോസിറ്റീവാണെന്ന ഫലം ലഭിച്ചത്. തുടര്‍ന്ന് ന്യുമോണിയ പിടിപെട്ടു. ശ്വാസതടസം ആരംഭിച്ചു. നടക്കാന്‍ ബുദ്ധിമുട്ടായി തുടങ്ങി. എന്നാല്‍ ചികിത്സ ഫലം കണ്ടുതുടങ്ങി. പതിയെ രോഗം കുറഞ്ഞു.

രോഗം ഭേദദമായതില്‍ സന്തോഷിക്കുന്ന റെമഡിയോസ് തന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചു. തന്റെ ഏറ്റവും വലിയ സന്തോഷമെന്നത് മറ്റാര്‍ക്കും താന്‍ രോഗം പകര്‍ത്തിയിട്ടില്ല എന്നുള്ളതാണെന്ന് റെമഡിയോസ് പറയുന്നു. റെമഡിയോസിന് രോഗബാധ സ്ഥിരീകരിച്ചതോടെ മകനും ഗോവയിലെ മറ്റ് കുടുംബാംഗങ്ങളും ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു. ഇവരുടെ സ്രവപരിശോധനാഫലം നെഗറ്റീവായിരുന്നു. ഇപ്പോള്‍ വീട്ടിലേക്ക് മടങ്ങാനുള്ള ആശുപത്രി അനുമതിക്കായി കാത്തിരിക്കുകയാണ് .

 

Content Highlights: Edgar Julian Remedios one of the seven Covid-19 cases in Goa tells his experience