ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലയ്‌ക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ എടപ്പാടി പളനിസാമി എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവാകും. ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലുള്ള എം.എല്‍.എമാരുമായി ശശികല ആശയവിനിമയം നടത്തിയശേഷമാണ് ഇതുസംബന്ധിച്ച ധാരണയില്‍ എത്തിയതെന്നാണ് സൂചന.

പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തു. തന്റെ വിശ്വസ്തനെ പാര്‍ട്ടി നിയമസഭാകക്ഷി നേതൃസ്ഥാനം ഏല്‍പ്പിക്കാനുള്ള ശശികലയുടെ നീക്കമാണ് പളനിസാമിയെ തല്‍സ്ഥാനത്തെത്തിച്ചത്. സെങ്കോട്ടൈയ്യന്‍, എടപ്പാടി പളനിസാമി എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്.

ജയലളിതയുടെ  സഹോദരപുത്രന്‍ ദീപക്കിനെ നേതൃസ്ഥാനത്ത് എത്തിക്കാന്‍ നീക്കം നടന്നതായും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. നീക്കങ്ങളുടെ ഭാഗമായി ഓരോ എംഎല്‍എമാരില്‍നിന്നും മൂന്ന് വെള്ളപ്പേപ്പറുകളില്‍ ഒപ്പ് വാങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.