എടപ്പാടി പളനിസ്വാമി | Photo: ANI
ചെന്നൈ: തമിഴ്നാട്ടില്‍ ഒ. പനീര്‍സെല്‍വത്തിന് വന്‍തിരിച്ചടി. എ.ഐ.ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു. തിങ്കളാഴ്ച രാവിലെ വാനഗരത്തിലെ പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്.
പളനിസ്വാമിപക്ഷം വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗത്തിന് ചേരാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഒ. പനീര്‍സെല്‍വം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസ് കൃഷ്ണന് രാമസ്വാമി പനീര്‍സെല്‍വത്തിന്റെ ആവശ്യം തള്ളി.
രാവിലെ 9.15-ന് യോഗം ചേരാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോടതി ഒന്‍പതു മണിക്ക് വിധി പറഞ്ഞു. ഇതോടെയാണ് പാര്‍ട്ടിയുടെ ഭാവിനേതൃഘടന സംബന്ധിച്ച് നിര്‍ണായക തീരുമാനം കൈക്കൊള്ളുന്ന ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്.
അതേസമയം, ഹൈക്കോടതി വിധി വരുന്നതിന് മുന്‍പേ തന്നെ പാര്‍ട്ടി ആസ്ഥാനത്ത് സംഘര്‍ഷം രൂപപ്പെട്ടിരുന്നു. ഒ. പനീര്‍സെല്‍വം-എടപ്പാടി പളനിസ്വാമി പക്ഷങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
കൈകളില്‍ വടികളും മുദ്രാവാക്യവുമായി പനീര്‍സെല്‍വം അനുകൂലികള്‍ എ.ഐ.ഡി.എം.കെ. ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോകള്‍ പുറത്തെത്തിയിട്ടുണ്ട്. മാത്രമല്ല, പാര്‍ട്ടി ആസ്ഥാനമന്ദിരത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ ബാനറുകളും പോസ്റ്ററുകളും അഗ്നിക്കിരയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.
അതേസമയം, പാര്‍ട്ടിയിലെ കോ-ഓര്‍ഡിനേറ്റര്‍, ജോയന്റ് കോ-ഓര്‍ഡിനേറ്റര്‍ പദവികളും ഇരട്ടനേതൃസ്ഥാനവും അവസാനിപ്പിക്കാനുള്ള തീരുമാനം ജനറല്‍ കൗണ്‍സില്‍ കൈക്കൊണ്ടു. മാത്രമല്ല, പെരിയാറിനും എം.ജി. രാമചന്ദ്രനും ജയലളിതയ്ക്കും ഭാരതരത്ന നല്‍കണമെന്ന പ്രമേയവും യോഗം പാസാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..