സഞ്ജയ് റാവുത്ത് | Photo : ANI
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് വിമതനാടകം തുടരുന്നതിനിടെ ശിവസേന വക്താവ് സഞ്ജയ് റാവുത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച മുംബൈയിലെ ഇഡി ആസ്ഥാനത്ത് എത്തിച്ചേരണമെന്നാണ് സഞ്ജയ് റാവുത്തിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
തന്നെ തടയുന്നതിനുള്ള ഗൂഢാലോചനയാണ് ഇഡിയുടെ നടപടിയ്ക്ക് പിന്നിലെന്ന് റാവുത്ത് പ്രതികരിച്ചു. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇഡി, സിബിഐ, മറ്റ് അന്വേഷണ ഏജന്‍സികള്‍ എന്നിവയുടെ സമ്മര്‍ദ്ദമാണ് ഏക്‌നാഥ് ഷിന്ദെയുടെ കീഴില്‍ അരങ്ങേറുന്ന വിമതനാടകമെന്ന് താക്കറെയുടെ ഏറ്റവും വിശ്വസ്തനായ സഞ്ജയ് റാവുത്ത് ഉള്‍പ്പെടെയുള്ള താക്കറെ അനുകൂല വിഭാഗത്തിന്റെ ആരോപണം. തനിക്കെതിരെ ഇഡി നോട്ടീസയച്ച വിവരം വ്യക്തമാക്കി റാവുത്ത് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ തന്നെ കൊന്നാലും വിമതര്‍ തമ്പടിച്ചിരിക്കുന്ന ഗുവാഹട്ടിയിലേക്ക് പോകാനുദ്ദേശിക്കുന്നില്ലെന്നും റാവുത്ത് പറഞ്ഞു.
1,034 കോടി രൂപയുടെ പാത്ര ചൗല്‍ സ്ഥലമിടാപാട് ക്രമക്കേട് കേസിലാണ് റാവുത്തിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് റാവുത്തിന്റെ സ്വത്തുവകകള്‍ ഏപ്രിലില്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ഇതുകൊണ്ടൊന്നും താന്‍ ഭയപ്പെടാന്‍ പോകുന്നില്ലെന്നും തന്റെ സ്വത്ത് പിടിച്ചെടുക്കുകയോ തനിക്ക് നേരെ വെടിവെയ്ക്കുയോ തന്നെ ജയിലേക്കയക്കുകയോ ചെയ്‌തോളൂവെന്നും താന്‍ ബാലസാഹിബ് താക്കറെയുടെ അനുയായിയും ശിവ് സൈനികാണെന്നും റാവുത്ത് അന്ന് പ്രതികരിച്ചിരുന്നു.
അതിനിടെ ഇഡിയുടെ നോട്ടീസ് ലഭിച്ച സഞ്ജയ് റാവുത്തിന് പരിഹാസരൂപേണ ആശംസകള്‍ നേര്‍ന്ന് ഏക്‌നാഥ് ഷിന്ദെയുടെ മകന്‍ ശ്രീകാന്ത് ഷിന്ദെ രംഗത്തെത്തി. തങ്ങളെ അയോഗ്യരാക്കണമെന്നുള്ള കേസില്‍ വിമതവിഭാഗത്തിനായിരിക്കും വിജയമെന്നും ശ്രീകാന്ത് ഷിന്ദെ പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങള്‍ എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നുണ്ടെന്നും താക്കറെ വിഭാഗത്തിന് തക്കതായ മറുപടി അവര്‍ നല്‍കുമെന്നും ശ്രീകാന്ത് അറിയിച്ചു. വിമതഎംഎല്‍എമാര്‍ തിങ്കളാഴ്ച യോഗം ചേരുമെന്നും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും എന്താണ് നടക്കാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണാനും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
Content Highlights: Sanjay Raut, Eknath Shinde, Shrikant Shinde, ED summons Sanjay Raut, Maharashtra, Malayalam News


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..