ന്യൂഡല്‍ഹി: എന്‍.സി.പി നേതാവും മുന്‍ വ്യോമയാന മന്ത്രിയുമായ പ്രഫുല്‍ പട്ടേലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ സമന്‍സ്. ജൂണ്‍ ആറിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. 2008 - 09 കാലത്ത് എയര്‍ഇന്ത്യയുട ലാഭകമായ റൂട്ടുകള്‍ സ്വകാര്യ വിമാനക്കമ്പനികളുമായി പങ്കുവച്ചതില്‍ ഇടനിലക്കാരനായ ദീപക് തല്‍വാറിനുള്ള പങ്ക് സംബന്ധിച്ച അന്വേഷണമാണ് ഇ.ഡി നടത്തുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാരില്‍ പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരുന്ന കാലത്ത് നടന്ന ക്രമക്കേടുകളെപ്പറ്റിയാണ് അന്വേഷണം.  അന്വേഷണ ഏജന്‍സിയുമായി സഹകരിക്കുമെന്ന് പ്രഫുല്‍ പട്ടേല്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. വ്യോമയാന മേഖലയിലെ സങ്കീര്‍ണതകള്‍ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിനെ ബോധ്യപ്പെടുത്താന്‍ അവസരം ലഭിച്ചതില്‍ സന്തോഷണുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. തെറ്റായ കാര്യങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ ജനുവരിയില്‍ യു.എ.ഇ ഇന്ത്യയ്ക്ക് കൈമാറിയ ഇടനിലക്കാരന്‍ ദീപക് തല്‍വാര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. എയര്‍ഇന്ത്യ - ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനം, ബോയിങ്ങില്‍നിന്നും എയര്‍ബസ്സില്‍നിന്നും 111 വിമാനങ്ങള്‍ വാങ്ങിയ ഇടപാട്, ലാഭകരമായ റൂട്ടുകള്‍ സ്വകാര്യ കമ്പനികളുമായി പങ്കുവച്ച നടപടി, വിദേശ നിക്ഷേപം സ്വീകരിച്ച് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയത് എന്നിവയെക്കുറിച്ചാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. 

Content Highlights: Praful Patel, ED, Air India