അനിൽ ദേശ്മുഖ്| Photo: Reuters
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹാജരാകാന്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) സമന്‍സ് അയച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കള്ളപ്പണ നിരോധന നിയമപ്രകാരം ദേശ്മുഖിന്റെ പി.എ. കുന്ദന്‍ ഷിന്‍ഡേയെയും പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് പാലന്ദേയെയും ഇ.ഡി. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒന്‍പതു മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷമായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവരെയും പി.എം.എല്‍.എ.(പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട്) നിയമം പ്രകാരം കോടതിയില്‍ ശനിയാഴ്ച ഹാജരാക്കും.
വെള്ളിയാഴ്ച രാവിലെ ദേശ്മുഖിന്റെ നാഗ്പൂരില്‍ വസതിയിലും മുംബൈയിലെ മറ്റ് രണ്ടു വസതികളിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. മുംബൈയിലെ 10 ബാറുടമകള്‍ ദേശ്മുഖിന് നാലു കോടി രൂപ നല്‍കിയതിന്റെ രേഖകള്‍ കണ്ടെടുത്തതായി ഇ.ഡി. വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ദേശ്മുഖിന്റെ വസതികളില്‍ കൂടാതെ ഷിന്‍ഡെയുടെയും പാലന്ദേയുടെയും വസതികളിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും സൗത്ത് മുംബൈയിലെ ഇ.ഡി. ഓഫീസിലേക്ക് കൊണ്ടുവരികയും ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. ദേശ്മുഖിനെതിരായ അനധികൃത പണമിടപാടു കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് ഇ.ഡി. അറിയിച്ചിട്ടുണ്ട്.
മുംബൈ നഗരത്തിലെ ബാറുകളില്‍നിന്നും റെസ്റ്റോറന്റുകളില്‍നിന്നും എല്ലാ മാസവും 100 കോടി രൂപ പിരിച്ചുനല്‍കണമെന്ന് മന്ത്രിയായിരിക്കേ അനില്‍ ദേശ്മുഖ് പോലീസുകാരോട് നിര്‍ദേശിച്ചിരുന്നെന്ന മുന്‍ മുംബൈ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ്ങിന്റെ ആരോപണത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം നടക്കുന്നുണ്ട്. സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടിലെ (എഫ്.ഐ.ആര്.) വിവരങ്ങളനുസരിച്ചാണ് ദേശ്മുഖ് നടത്തിയതായി പറയുന്ന അഴിമതിയുടെ സാമ്പത്തികവശം അന്വേഷിക്കുന്ന ഇ.ഡി. എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇ.സി.ഐ.ആര്.) രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു റെയ്ഡ്.
content highlights: ed summons anil deshmukh over money laundering case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..