മുംബൈ: ശിവസേന എംഎല്‍എ പ്രതാപ് സര്‍നായികിന്റെ വസതിയില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ചൊവ്വാഴ്ച രാവിലെയാണ് പ്രതാപ് സര്‍നായികിന്റെ വീട്ടിലും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും റെയ്ഡ് നടന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത് എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകളെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

പ്രതാപ് സര്‍നായികിന്റെ വസതയില്‍ റെയ്ഡ് നടത്തിയതിനൊപ്പം മുംബൈയിലും താണെയിലുമായി പത്തോളം സ്ഥലങ്ങളില്‍ ഇ.ഡി തിരച്ചില്‍ നടത്തിയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് പ്രതാപ് സര്‍നായികും ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. 

മുംബൈയെ കശ്മീരുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള വിവാദ പരാമര്‍ശം നടത്തിയ കങ്കണയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടയാളാണ് പ്രതാപ് സര്‍നായിക്. 'മുംബൈയെ പാക്അധിനിവേശ കാശ്മീരിനോടുപമിച്ച കങ്കണയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണം. മുംബൈയില്‍ അവരെത്തിയാല്‍ നമ്മുടെ ധൈര്യമുള്ള സ്ത്രീകള്‍ കങ്കണയെ തല്ലിയോടിക്കും' എന്നായിരുന്നു പ്രതാപ് സര്‍നായിക്ക് അന്ന് പറഞ്ഞത്. തുടര്‍ന്ന് കങ്കണയെ ഭീഷണിപ്പെടുത്തിയതിന് പ്രതാപിനെ അറസ്റ്റ് ചെയ്യണം എന്ന് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മ്മ ആവശ്യമുന്നയിച്ചിരുന്നു. മുംബൈയിലെ ഒവാല മജിവാഡയില്‍ നിന്നുള്ള എംഎല്‍എയാണ് പ്രതാപ് സര്‍നായിക്. 

Content Highlights: ED raids residence, offices of Shiv Sena MLA Pratap Sarnaik