ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന കേസുമായി ബന്ധപ്പെട്ട്, കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഡല്‍ഹിയിലേയും ഉത്തര്‍പ്രദേശിലെയും ആറ് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ അറസ്റ്റിലായ മുഹമ്മദ് ഉമര്‍ ഗൗതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് പരിശോധനന നടത്തിയതെന്നാണ് ഇ.ഡി. വ്യത്തങ്ങള്‍ നല്‍കുന്ന വിവരം. തെക്കന്‍ ഡല്‍ഹിയിലെ ജാമിയ പ്രദേശത്തെ ഇയാളുടെ വീട്ടിലും ഓഫീസിലും ഉത്തര്‍പ്രദേശിലെ വിവിധ ഇടങ്ങളിലും ഇ.ഡി. പരിശോധന നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മതപരിവര്‍ത്തന സംഘത്തിന് വിദേശ ബന്ധമുണ്ടെന്ന തീവ്രവാദ വിരുദ്ധ സേനയുടെ (എ.ടി.എസ്.) എഫ്‌.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് എ.ടി.എസ്. അറസ്റ്റ് ചെയ്ത മുഫ്തി ജഗാംഗീര്‍ ഖാസ്മി, മുഹമ്മദ് ഉമര്‍ ഗൗതം എന്നിവരെ പ്രതിയാക്കിയാണ് ഇ.ഡി. കേസ് എടുത്തിരിക്കുന്നത്. കേസിലെ വിദേശ ധനസഹായവും കള്ളപ്പണം വെളുപ്പിക്കലുമാണ് ഇ.ഡി. പരിശോധിക്കുന്നത്. 

ഉത്തര്‍പ്രദേശില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികളേയും പാവപ്പെട്ടവരേയും പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ധനസഹായത്തോടെ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് മുഫ്തി ജഗാംഗീര്‍ ഖാസ്മി, മുഹമ്മദ് ഉമര്‍ ഗൗതം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഖ്‌നൗവിലെ എ.ടി.എസ്. പോലീസ് സ്‌റ്റേഷനില്‍ കേസില്‍ എഫ്‌.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്. 

വിവാഹം, പണം, ജോലി തുടങ്ങിയ വാഗാദാനം ചെയ്ത് 1000 പേരെയെങ്കിലും മതം മാറ്റിയതായി ഗൗതം പറഞ്ഞതായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് പ്രശാന്ത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഐ.എസ്ഐയില്‍നിന്നും മറ്റ് വിദേശ ഏജന്‍സികളില്‍നിന്നും ഫണ്ട് സ്വീകരിച്ചാണ് ഇസ്ലാമിക് ദവാ സെന്റര്‍ ഇവര്‍ നടത്തിയിരുന്നതെന്നും എ.ഡി.ജി.പി. പറഞ്ഞു.

ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെയും പാവപ്പെട്ട യുവാക്കളെയും മതപരിവര്‍ത്തനം നടത്തിയവര്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരവും ദേശീയ സുരക്ഷാ നിയമപ്രകാരവും നടപടിയെടുക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ രണ്ട് പേര്‍ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു ആദിത്യനാഥിന്റെ പ്രതികരണം.

Content Highlights:  ED raids 6 locations across Delhi, UP in religious conversion PMLA case