ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുളളയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച ചോദ്യം ചെയ്തു. ജമ്മുകശ്മീർ ക്രിക്കറ്റ് അസോസിയേഷൻ ഫണ്ടുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ അടിസ്ഥാനത്തിലുളള കേസിലാണ് ഫാറൂഖ് അബ്ദുളളയെ ചോദ്യം ചെയ്തത്. 

സി.ബി.ഐ. ഫയൽ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ്. മുൻ ജമ്മുകശ്മീർ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളായിരുന്ന ജനറൽ സെക്രട്ടറി മുഹമ്മദ് സലീം. മുൻ ട്രഷറർ അഹ്സാൻ അഹമ്മദ് മിർസ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

അബ്ദുല്ല, ഖാൻ, മിർസ, മിർ മൻസൂർ ഗസാൻ അലി, ബഷീർ അഹമ്മദ് മിസ്ഗർ, ഗുൽസാർ അഹമ്മദ് ബെയ്ഘ് എന്നിവർക്കെതിരെ പിന്നീട് സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചിരുന്നു. 2002-2011 കാലയളവിൽ സംസ്ഥാനത്ത് കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) അനുവദിച്ച ഗ്രാന്റുകളിൽ നിന്ന് 43.69 കോടി രൂപ തിരിമറി നടത്തിയെന്നാരോപിച്ചാണ് ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നത്.

2005 മുതൽ 2012 വരെ മൂന്ന് വ്യത്യസ്ത അക്കൗണ്ടുകളിലൂടെ ബി.സി.സി.ഐ.യിൽ നിന്ന് ജെ.കെ.സി.എയ്ക്ക് 94.06 കോടി രൂപ ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി ഇ.ഡി. അറിയിച്ചു.

ഇ.ഡിയുടെ നോട്ടീസിന് വൈകാതെ മറുപടി നൽകുമെന്ന് ഫാറൂഖ് അബ്ദുളളയുടെ മകനായ ഒമർ അബ്ദുളള ട്വീറ്റ് ചെയ്തിട്ടുണ്ട്. പീപ്പീൾസ് സഖ്യ രൂപീകരണത്തിന് ശേഷമുളള ഈ നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.


Content Highlights:ED questions Farooq Abdullah in a case related to JKCA Fund