ന്യുഡല്‍ഹി: ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. മറ്റ് നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖര്‍ നടത്തിയ കോടികളുടെ പണമിടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍.

പ്രതിയായിട്ടല്ല മറിച്ച് സുകേഷ് ചന്ദ്രശേഖറിനെതിരായ കേസില്‍ സാക്ഷിയായാണ് ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ചോദ്യം ചെയ്തതെതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. 

കഴിഞ്ഞ 24ന് സുകേഷ് ചന്ദ്രശേഖര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെ കടല്‍ത്തീരത്തുള്ള ബംഗ്ലാവ്, ഒരു ഡസനിലധികം ആഡംബര കാറുകള്‍, 82.5 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തതായി നേരത്തെ അന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു.

ഏകദേശം 200 കോടി രൂപ തട്ടിയെടുക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീവകുപ്പുകള്‍ പ്രകാരം ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ എഫ്ഐആറിനെ അടിസ്ഥാനമാക്കിയാണ് കേസ്.

തന്റെ 17 വയസ്സുമുതല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഭാഗമായ സുകേഷ് ചന്ദ്രശേഖറിനെതിരെ നിരവധി എഫ്‌ഐആറുകള്‍ ഉണ്ട്. ഇപ്പോള്‍ സുകേഷ് ഡല്‍ഹിയിലെ രോഹിണി ജയിലിലാണ്.

പാര്‍ട്ടി ഇലക്ഷന്‍ ചിഹ്നവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഇതുമായി ബന്ധപ്പെട്ട പോളിംഗ് പാനല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ എ.ഐ.എ.ഡി.എം.കെ 'അമ്മ' വിഭാഗത്തിന്റെ നേതാവ് ടിടിവി ദിനകരനില്‍ നിന്ന്  സുകേഷ് ചന്ദ്രശേഖര്‍ പണം വാങ്ങിയെന്നും ആരോപണമുണ്ട്.

'രണ്ട് ഇല' ചിഹ്നം നിലനിര്‍ത്താന്‍ എഐഎഡിഎംകെ (അമ്മ) വിഭാഗത്തെ സഹായിക്കാന്‍ സുകേഷ് ചന്ദ്രശേഖര്‍ 50 കോടി രൂപയുടെ കരാറില്‍ ഏര്‍പ്പെടുകയായിരുന്നു. അറസ്റ്റിലാകുമ്പോള്‍ 1.3 കോടി രൂപ സുകേഷിന്റെ കൈവശമുണ്ടായിരുന്നു

Content highlights: Ed questions bollywood actor jaquelin fernandez in money laundering case