1. സഞ്ജയ് റാവുത്ത് | Photo - PTI 2. ഇ.ഡി സംഘം അദ്ദേഹത്തിന്റെ വസതിയിൽ എത്തിയപ്പോൾ | Photo - ANI
മുംബൈ: ശിവസേനാ നേതാവ് സഞ്ജയ് റാവുത്തിന്റെ മുംബൈയിലെ വസതിയില്‍ ഞായറാഴ്ച രാവിലെ എത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ റാവുത്തിന് ഇ.ഡി സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരാകാന്‍ കൂട്ടാക്കിയിരുന്നില്ല. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന കാര്യമടക്കം ചൂണ്ടിക്കാട്ടിയാണ് എം.പി കൂടിയായ അദ്ദേഹം ഹാജരാകാതിരുന്നത്.
ഞായറാഴ്ച രാവിലെ ഏഴിന് റാവുത്തിന്റെ വീട്ടിലെത്തിയ ഇ.ഡി സംഘം അദ്ദേഹത്തെ ചോദ്യംചെയ്യുകയാണെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. വിവരമറിഞ്ഞ് ശിവസേനാ പ്രവര്‍ത്തകര്‍ വസതിക്ക് പുറത്ത് തടിച്ചുകൂടിയിട്ടുണ്ട്. സിആര്‍പിഎഫ് സംഘത്തോടൊപ്പമാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ സഞ്ജയ് റാവുത്തിന്റെ വീട്ടിലെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ഗൊരെഗാവിലെ പത്രചാള്‍ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യക്കേസാണ് റാവുത്തിനെതിരെ ഉള്ളത്. രാഷ്ട്രീയ പകപോക്കലാണ് തനിക്കെതിരെ നടത്തുന്നതെന്ന് റാവുത്ത് ആരോപിക്കുന്നു. ഒരു അഴിമതിയും നടത്തിയിട്ടില്ലെന്ന് ബാലസാഹിബ് താക്കറെയുടെ പേരില്‍ സത്യം ചെയ്യുന്നുവെന്ന് ഞായറാഴ്ചയും അദ്ദേഹം ആവര്‍ത്തിച്ചു. പോരാടാനാണ് താക്കറെ പഠിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ജൂലായ് ഒന്നിന് റാവുത്തിനെ ഇ.ഡി പത്ത് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ വര്‍ഷ റാവുത്ത് അടക്കമുള്ളവരുടെ 11.15 കോടി രൂപയുടെ സ്വത്തുവകകള്‍ ഇ.ഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഫ്ളാറ്റും ഭൂസ്വത്തുക്കളും അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..