ബിനീഷ് കോടിയേരി |ഫൊട്ടൊ: മാതൃഭൂമി
ന്യൂഡല്‍ഹി: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയെ സമീപിച്ചു. ബെംഗളുരുവിലെ ഇഡി ഡെപ്യുട്ടി ഡയറക്റ്ററാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കള്ളപ്പണ ഇടപാടില്‍ ബിനീഷിനെതിരേ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഡെപ്യുട്ടി ഡയറക്ടര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. കേന്ദ്ര ഏജന്‍സിയുടെ അഭിഭാഷകന് മുകേഷ് കുമാര്‍ മാറോറിയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
ജാമ്യം അനുവദിച്ച് കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ ചില പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കുമെന്ന ആശങ്ക ഇഡിക്ക് ഉണ്ട്. അതിനാലാണ് ഹൈക്കോടതി വിധി വന്ന് അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഇ.ഡി അപ്പീല്‍ ഫയല്‍ ചെയ്യുന്നത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തലത്തിലുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് അപ്പീല്‍ ഫയല്‍ ചെയ്തത്.
വരവില്‍ കവിഞ്ഞ സ്വത്തുക്കളുടെ സ്രോതസ് വ്യക്തമാക്കാന്‍ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി, എസ.്ബി.ഐ, ഫെഡറല്‍ ബാങ്ക് എന്നിവയിലെ നിക്ഷേപങ്ങളുടെ സ്രോതസ് വ്യക്തമാക്കിയിട്ടില്ല. പണം നിക്ഷേപിച്ച ചിലര്‍ ചോദ്യം ചെയ്യലിന് ഇത് വരെയും ഹാജരായിട്ടില്ലെന്നും ഇഡി ആരോപിക്കുന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലെ നാലാം പ്രതിയായിരുന്നു ബിനീഷ്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ 19എ, 69 എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു ഇഡി ബിനീഷിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ലഹരിവസ്തുക്കള്‍ വാങ്ങുന്നതിനായി ബിനീഷ് കള്ളപ്പണം വെളുപ്പിക്കുകയും ലഹരി ഇടപാടു കേസിലെ പ്രതികളെ സഹായിക്കുകയും ചെയ്തുവെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്തിരുന്ന കുറ്റപത്രത്തിലുണ്ടായിരുന്നു.
Content Highlights: ED in Supreme court; Should Cancell Bineesh Kodiyeri Bail
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..