ന്യൂഡല്‍ഹി: മകന്‍ കാര്‍ത്തിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇത്തരമൊരു പരിശോധനയ്ക്ക് യാതൊരു അധികാരവുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് സിബിഐയോ മറ്റേതെങ്കിലും ഏജന്‍സിയോ എഫ്‌ഐആര്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ചെന്നൈയിലെ സ്ഥാപനങ്ങളില്‍ വീണ്ടും പരിശോധന നടന്നേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ഡല്‍ഹിയിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത് പരിഹാസ്യമാണ്. കാര്‍ത്തി താമസിക്കുന്നത് ഡല്‍ഹിയിലെ വീട്ടിലാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവിടെ റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായും ചിദംബരം വ്യക്തമാക്കി. പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല. എന്നാല്‍ പരിശോധനയെ ന്യായീകരിക്കാന്‍ പഴയ ചില കടലാസുകള്‍ അവര്‍ കൊണ്ടുപോയി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഇത്തരമൊരു പരിശോധനയ്ക്ക് യാതൊരു അധികാരവുമില്ല- ചിദംബരം പറഞ്ഞു.

എയര്‍സെല്‍ മാക്സിസ് കേസുമായി ബന്ധപ്പെട്ടാണ് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളിലും വീടുകളിലും എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. ഡല്‍ഹിയിലും ചെന്നൈയിലുമായി അഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. കാര്‍ത്തി ചിദംബരവുമായി അടുത്ത വ്യക്തികളുടെ വസ്തുവകകളില്‍ ഡിസംബര്‍ മാസത്തില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയിരുന്നു. സെപ്റ്റംബറില്‍ കാര്‍ത്തി ചിദംബരത്തിന്റെ 1.16 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു. 

2006ല്‍ പി. ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്. ഇതിലാണ് സി.ബി.ഐ. അന്വേഷണം നടത്തിയത്. മൂന്നുകോടി രൂപ കാര്‍ത്തി കോഴ വാങ്ങിയെന്നാണ് ആരോപണം. കേസില്‍ പ്രതിചേര്‍ത്ത മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരന്‍ അടക്കമുള്ളവരെ കഴിഞ്ഞ ഫെബ്രുവരിയില്‍ സി.ബി.ഐ. പ്രത്യേക കോടതി വിട്ടയച്ചിരുന്നു.

Content Highlights: ED has no jurisdiction to investigate under PMLA P Chidambaram on recent raids, Karthi chidambaram