ന്യൂഡല്‍ഹി : എന്‍സിപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരത് പവാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കേസെടുത്തു.  ശരത് പവാറിന്റെ മരുമകനും മുന്‍ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത്ത് പവാറിനെതിരേയും കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര സഹകരണ ബാങ്കിലെ 25000 കോടി രൂപയുടെ അഴിമതികേസുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. 

മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിന്റെ ഭാരവാഹികളായ  അജിത്ത് പവാറിനും മറ്റുള്ള എന്‍സിപി നേതാക്കള്‍ക്കുമെതിരെ നേരത്തെ ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം മഹാരാഷ്ട്രാ പോലീസ് കേസെടുത്തിരുന്നു. 2007- 2011 കാലത്ത് ബാങ്കിന് 1000 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍.

പ്രാഥമികമായ അന്വേഷണമോ പരിശോധനയോ നടത്താതെയാണ് പല വായ്പകളും ബാങ്ക് അനുവദിച്ചതെന്നും ആരോപണമുണ്ട്. വന്‍ തുകയുടെ വായ്പകള്‍ പലതും രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കള്‍ക്കാണ് കിട്ടിയതെന്നും പറയുന്നു.

താന്‍ ബോര്‍ഡ് അംഗം കൂടിയല്ല പിന്നെ തനിക്കെതിരേ കേസെടുത്തതെന്തിനാണെന്നാണ് ശരത് പവാര്‍ വാര്‍ത്തയോട് പ്രതികരിച്ചത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം ബാക്കി നില്‍ക്കേയാണ് കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍സിപിയുടെ പ്രമുഖ നേതാക്കള്‍ കേസില്‍പ്പെട്ടിരിക്കുന്നത്. 

content highlights: ED Files CASE against NCP's Sharad Pawar