സഞ്ജയ് റാവുത്ത് | Photo:ANI
മണിക്കൂറുകള്‍ നീണ്ട റെയ്ഡിനും ചോദ്യംചെയ്യലിനും പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ശിവസേനാ എം.പി. സഞ്ജയ് റാവുത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡിയിലെടുത്തു. ശിവസേനയിലെ ഉദ്ധവ് താക്കറേ വിഭാഗത്തിലെ പ്രമുഖനാണ് റാവുത്ത്. വാക്ശരങ്ങള്‍കൊണ്ടുള്ള ആക്രമണത്തില്‍ മിടുമിടുക്കന്‍. മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപവത്കരണം മുതല്‍ ഇന്നുവരെ ഉദ്ധവിന്റെ വിശ്വസ്തനായ തേരാളി. അങ്ങനെയുള്ള റാവുത്തിനെ ഇ.ഡി. പിടികൂടുമ്പോള്‍ അതിന് രാഷ്ട്രീയമാനങ്ങളേറെയാണ്. നിലവിലെ മഹാരാഷ്ട്രയുടെ രാഷ്ട്രീയ സാഹചര്യവും അതില്‍ റാവുത്ത് നില്‍ക്കുന്ന കളവുമൊക്കെ ശ്രദ്ധനേടുകതന്നെ ചെയ്യും.
ഇപ്പോള്‍ റാവുത്തിനെ കസ്റ്റഡിയിലെടുക്കുന്നതിലേക്ക് നയിച്ച പത്ര ചോള്‍ കുംഭകോണം എന്താണ്. ഇതുമായി ബന്ധപ്പെട്ട് ഇ.ഡി. എന്തിന് സഞ്ജയ് റാവുത്തിനെ കസ്റ്റഡിയിലെടുത്തു..?
പത്ര ചോള്‍ ഭൂമി കുംഭകോണം
സഞ്ജയ് റാവുത്ത് എങ്ങനെ എന്തുകൊണ്ട് ഇ.ഡിയുടെ പിടിയിലായി എന്ന ചോദ്യത്തിന്റെ ഉത്തരമാണ് പത്ര ചോള്‍ ഭൂമി കുംഭകോണവും അതുമായി ബാന്ധപ്പെട്ട പണ ഇടപാടുകളും. ഈ ഇടപാടുകളില്‍ റാവുത്തിന്റെ ഭാര്യ വര്‍ഷ റാവുത്ത് ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളായിട്ടുണ്ടെന്നാണ് പുറത്തെത്തുന്ന വിവരം. അങ്ങനെ ലഭിച്ച പണം ഉപയോഗിച്ച് ദാദറില്‍ വര്‍ഷ ഫ്‌ളാറ്റ് വാങ്ങിയെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയിലെ ഗോരേഗാവില്‍ സ്ഥിതിചെയ്യുന്ന പത്ര ചോള്‍ എന്ന ജനവാസകേന്ദ്രത്തിന്റെ പുനര്‍വികസനവും അതിനു പിന്നാലെയുണ്ടായ ഭൂമിവില്‍പനയും ക്രമക്കേടുമാണ് കേസിന് ആധാരം. പാവപ്പെട്ടവര്‍ താമസിക്കുന്ന, സൗകര്യങ്ങളില്ലാത്ത ജനവാസകേന്ദ്രങ്ങളെയാണ് ചോള്‍ എന്ന് വിളിക്കുന്നത്.
2007-ലാണ് പത്രചോളിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒരു കരാര്‍ നിലവില്‍ വരുന്നത്. ഗുരു ആശിഷ് കണ്‍സ്ട്രക്ഷന്‍ പ്രവൈറ്റ് ലിമിറ്റഡും (ജി.എ.സി.പി. എല്‍.) മഹാരാഷ്ട്ര ഹൗസിങ് ആന്‍ഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി (എം.എച്ച്.ഡി.എ.)യും പത്ര ചോള്‍ സൊസൈറ്റിയുമായിരുന്നു കരാര്‍ ഒപ്പിട്ടത്. ഇത് അനുസരിച്ച് ജി.എ.സി.പി.എല്‍. പത്ര ചോളിലെ 672 വാടകക്കാര്‍ക്ക് പുതിയ വീട് നിര്‍മിച്ച് നല്‍കാനും എം.എച്ച്.ഡി.എയ്ക്ക് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു നല്‍കാനും ബാക്കിവരുന്ന ഭൂമി സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്ക് വില്‍ക്കാനും ധാരണയായി.
മേല്‍പ്പറഞ്ഞ ഗുരു ആശിഷ് കണ്‍സ്ട്രക്ഷനെ (ജി.എ.സി) കുറിച്ച് അറിയേണ്ട മറ്റു ചില സംഗതികളുണ്ട്. അത് ഇവയാണ്- ജി.എ.സി. എന്നുപറയുന്നത് റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഹൗസിങ് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് അഥവാ എച്ച്.ഡി.ഐ.എല്ലിന്റെ സഹോദരസ്ഥാപനമാണ്. രാകേഷ് കുമാര്‍ വാധവാന്‍, സാരംഗ് വാധവാന്‍, പ്രവീണ്‍ റാവുത്ത് എന്നിവരാണ് ഇതിന്റെ ഡയറക്ടര്‍മാര്‍. പി.എം.സി. കോ-ഓപറേറ്റീവ് ബാങ്കില്‍നിന്ന് എച്ച്.ഡി.ഐ.എല്‍. മുന്‍പ് 6,700 കോടിയുടെ വായ്പ എടുക്കുകയും അത് ബാങ്കിന്റെ തകര്‍ച്ചയിലേക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
കരാറും നിബന്ധനകളും നിലവില്‍വന്നെങ്കിലും അതൊന്നും നടപ്പായില്ലെന്നാണ് ഇ.ഡി.യുടെ ആരോപണം. കുടിയൊഴിക്കപ്പെട്ട 672 വാടകക്കാര്‍ക്കു വേണ്ടി ജി.സി.എ. ഒറ്റ ഫ്‌ളാറ്റ് പോലും നിര്‍മിച്ചില്ല. മാത്രമല്ല, എം.എച്ച്.ഡി.എയ്ക്ക് നിര്‍മിച്ചുനല്‍കുമെന്ന് പറഞ്ഞ ഫ്‌ളാറ്റുകളും പേപ്പറുകളില്‍ മാത്രമായി. ജിസി.എയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ പ്രവീണ്‍ റാവുത്ത്, സഞ്ജയ് റാവുത്തിന്റെ അടുത്ത അനുയായി ആണ്. ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു നല്‍കാതെയും കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെയും പ്രവീണും ജി.എ.സിയിലെ മറ്റ് ഡയറക്ടര്‍മാരും ചേര്‍ന്ന് ഫ്‌ളോര്‍ സ്‌പേസ് ഇന്‍ഡക്‌സ് (എഫ്.എസ്.ഐ.) ഒന്‍പത് സ്വകാര്യ ഡെവലപര്‍മാര്‍ക്കായി വിറ്റു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുവഴി 901.79 കോടിരൂപയാണ് ഇവര്‍ കൈക്കാലാക്കിയത്.
തീര്‍ന്നില്ല, ജി.എ.സി. ദ മെഡോസ് എന്ന പേരില്‍ ഒരു പ്രോജക്ട് പ്രഖ്യാപിക്കുകയും ഫ്‌ളാറ്റുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവരില്‍നിന്നായി ബുക്കിങ് തുകയായി 138 കോടിരൂപ കൈപ്പറ്റുകയും ചെയ്തു. അനധികൃത ഇടപാടുകളിലൂടെ 1,039.79 കോടിരൂപ ഗുരു ആശിഷ് കണ്‍സ്ട്രക്ഷന്‍സ് കൈക്കലാക്കിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം.
സഞ്ജയ് റാവുത്ത്, വര്‍ഷ റാവുത്ത്...
എച്ച്.ഡി.ഐ.എല്ലില്‍നിന്ന് പ്രവീണ്‍ റാവുത്തിന് 100 കോടിരൂപ ലഭിച്ചെന്നും ഇത് അദ്ദേഹം വിവധ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി ഇ.ഡി. അവകാശപ്പെടുന്നു. സഞ്ജയ് റാവുത്തിന്റെ കുടുംബം ഉള്‍പ്പെടെയുള്ള അടുത്ത അനുയായികള്‍, കുടുംബാംഗം, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് ഈ പണം മാറ്റിയത്.
2010-ല്‍ പ്രവീണ്‍ റാവുത്തിന്റെ ഭാര്യ മാധുരി റാവുത്തില്‍നിന്ന് സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷ 83 ലക്ഷം രൂപ നേരിട്ടോ അല്ലാതെയോ കൈപ്പറ്റി. ഇത് ഉപയോഗിച്ച് വര്‍ഷ, ദാദറില്‍ ഫ്‌ളാറ്റ് വാങ്ങിയെന്നും ഇ.ഡി. പറയുന്നു. ഇ.ഡി. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ 55 ലക്ഷം രൂപ വര്‍ഷ മധുരിക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. മറ്റ് ഇടപാടുകളും നടന്നിട്ടുണ്ടെന്നാണ് വിവരം.
ആലിബാഗിലെ കിഹിം ബീച്ചില്‍ എട്ട് സ്ഥലങ്ങള്‍ വര്‍ഷ റാവുത്തിന്റെയും സ്വപ്‌ന പാര്‍ക്കറുടെയും പേരില്‍ വാങ്ങിയിട്ടുമുണ്ട്. സഞ്ജയ് റാവുത്തിന്റെ അടുത്ത അനുയായി സുജിത് പാര്‍ക്കറിന്റെ ഭാര്യയാണ് സ്വപ്‌ന. രജിസ്റ്റര്‍ ചെയ്ത തുകയ്ക്കു പുറമേ വേറെയും പണം കൈമാറ്റം ചെയ്തതായും ഇ.ഡി. ആരോപിക്കുന്നു. ഏപ്രില്‍മാസത്തില്‍ വര്‍ഷയുടെ ദാദറിലെ ഫ്‌ളാറ്റ്, കിഹിം ബീച്ചിലെ ഭൂമി, പ്രവീണ്‍ റാവുത്തിന്റെ സ്വത്തുക്കള്‍ എന്നിവ ഇ.ഡി. കണ്ടുകെട്ടിയിരുന്നു. ഏകദേശം 11.8 കോടിയുടെ മൂല്യമാണ് ഇവയ്ക്കുള്ളത്.
ഇക്കൊല്ലം ഫെബ്രുവരി രണ്ടിന് പ്രവീണിനെ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇദ്ദേഹം. പത്ര ചോള്‍ പുനര്‍വികസന പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ പ്രവീണിന് സജീവപങ്കാളിത്തമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും ഇ.ഡി. അവകാശപ്പെടുന്നു. രാകേഷ് വാധവാന്റെയും സാരംഗ് വാധവാന്റെയും മൗനാനുവാദത്തോടെ ക്രമക്കേട് നടത്തിയെന്നും വാടകക്കാരായ 672 പേരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും ആരോപണമുണ്ട്.
ചോദ്യം ചെയ്യല്‍, കസ്റ്റഡിയിലെടുക്കല്‍
ജൂലൈ ഒന്നാം തീയതി കേസുമായി ബന്ധപ്പെട്ട് ഇ.ഡി. സഞ്ജയ് റാവുത്തിനെ ചോദ്യംചെയ്തിരുന്നു. ഏകദേശം പത്തുമണിക്കൂറോളം അന്ന് ചോദ്യംചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമായിരുന്നു അന്ന് അദ്ദേഹത്തിന്റെ മൊഴിരേഖപ്പെടുത്തിയത്. പിന്നീട് ജൂലൈ 20-നും 27-നും ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഇ.ഡിക്ക് മുന്‍പാകെ എത്തിയിരുന്നില്ല. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ഓഗസ്റ്റ് ഏഴിന് ശേഷമേ ഹാജരാകാനാകൂ എന്നാണ് അറിയിച്ചിരുന്നത്.
ഞായറാഴ്ച മണിക്കൂറുകള്‍ നീണ്ട റെയ്ഡിനു ശേഷമാണ് വസതിയില്‍നിന്ന് സഞ്ജയ് റാവുത്തിനെ ഇ.ഡി. കസ്റ്റഡിയില്‍ എടുത്തത്. കണക്കില്‍പ്പെടാത്ത 11.50 ലക്ഷം രൂപ സഞ്ജയ് റാവുത്തിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തതായാണ് വിവരം.
Content Highlights: ed detains sanjay raut patra chawl scam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..