File Photo: ANI
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് നടി അര്‍പിത മുഖര്‍ജിയുടെ നാലാമത്തെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേ(ഇ.ഡി.) റ്റിന്റെ റെയ്ഡ്. കഴിഞ്ഞദിവസം അര്‍പിതയുടെ കൊല്‍ക്കത്തയിലെ വിവിധ അപ്പാര്‍ട്ടുമെന്റുകളില്‍ ഇ.ഡി. നടത്തിയ റെയ്ഡില്‍ 30 കോടിയോളം രൂപ കണ്ടെടുത്തിരുന്നു. നിയമന കുംഭകോണ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ മുന്‍മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയാണ് അര്‍പിത. ഇവരുടെ വിവിധ അപ്പാര്‍ട്ടുമെന്റുകളില്‍ ഇ.ഡി. ഇതുവരെ നടത്തിയ റെയ്ഡുകളില്‍ അന്‍പതുകോടിരൂപയോളം പിടിച്ചെടുത്തതായാണ് വിവരം. ഇ.ഡിയുടെ ചരിത്രത്തില്‍ത്തന്നെ ഇത്രയധികം തുക പിടിച്ചെടുക്കുന്നത് ഇതാദ്യമായാണ്.
ഒരുകാലത്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത അനുയായി ആയിരുന്ന പാര്‍ഥ, ഇന്നു പക്ഷേ മമതയ്ക്ക് ഏറ്റവും വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. അഴിമതിക്കേസില്‍ പെട്ടതിന് പിന്നാലെ മന്ത്രിസ്ഥാനത്തുനിന്നും പാര്‍ട്ടിയുടെ വിവിധ ചുമതലകളില്‍നിന്നും പാര്‍ഥയെ നീക്കം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രിയായിരുന്ന പാര്‍ഥ, സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകനിയമനത്തിന് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
വ്യാഴാഴ്ച കൊല്‍ക്കത്തയിലെ ചിനാര്‍ പാര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍, കേന്ദ്രസേനയ്‌ക്കൊപ്പമാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ തിരച്ചിലിന് എത്തിയത്. അര്‍പിത മുഖര്‍ജിയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് 29 കോടിരൂപയും അഞ്ചുകിലോ സ്വര്‍ണവും കണ്ടെടുത്ത് മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു ഇത്. അര്‍പിതയുടെ ബേല്‍ഘരിയയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പത്തുപെട്ടി പണവുമായാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ മടങ്ങിയത്. 18 മണിക്കൂര്‍ നീണ്ട റെയ്ഡിന് പിന്നാലെ ആയിരുന്നു ഇത്. മുപ്പതുകാരിയായ അര്‍പിത, നടിയും മോഡലും ഇന്‍സ്റ്റഗ്രാം താരവുമാണ്. 2018 മുതലാണ് അര്‍പിതയും പാര്‍ഥയും തമ്മില്‍ ബന്ധം ആരംഭിക്കുന്നത്. 21 കോടിരൂപയും വിദേശകറന്‍സിയും സ്വര്‍ണവും അര്‍പിതയുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്തതിന് പിന്നാലെ ജൂലൈ 21-ന് അര്‍പിതയും പാര്‍ഥയും അറസ്റ്റിലായിരുന്നു.
Content Highlights: ed conducts raid at arpita mukherjees house
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..