ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കെതിരേ ഗുരുതര ആരോപണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). ബെംഗളൂരു ലഹരിക്കടത്ത് കേസിലെ പ്രതികളെ ബിനീഷ് സഹായിച്ചത് കള്ളപ്പണം വെളുപ്പിക്കാനാണെന്ന് ഇ.ഡി. കുറ്റപത്രത്തില്‍ പറയുന്നു. 

ലഹരിക്കടത്ത് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്ന് നേരത്തെതന്നെ ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു. അനൂപ് മുഹമ്മദ്, ബിജേഷ് രവീന്ദ്രന്‍ എന്നീ പ്രതികളുമായി ബിനീഷ് ബന്ധം സ്ഥാപിച്ചത് കള്ളപ്പണം വെളുപ്പിക്കുക എന്ന ഉദ്ദേശത്തത്തോടെയാണെന്നും ഇഡി കണ്ടെത്തി. 

ബിനീഷിന് കേരള സര്‍ക്കാരില്‍ വന്‍ സ്വാധീനമുണ്ട്. അതിനാല്‍ സര്‍ക്കാരിന്റെ വിവിധ കരാറുകള്‍ ലഭിക്കാന്‍ കഴിയുമെന്ന് പലരോടും അവകാശപ്പെടുകയും കമ്മീഷന്‍ പറ്റുകയും ചെയ്തു. മൂന്ന് മുതല്‍ നാല് ശതമാനം വരെ കമ്മീഷന്‍ ബിനീഷ് വാഗ്ദാനം ചെയ്തിരുന്നതായി ചിലര്‍ മൊഴി നല്‍കിയതായും കുറ്റപത്രത്തിലുണ്ട്. കരാറുകള്‍ ലഭിക്കുന്നതിന്റെ ഭാഗമായി ബിനീഷും ലഹരി കേസിലെ പ്രതികളും ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ഇഡി കണ്ടെത്തി. 

കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ബിനീഷ് 5.17 കോടി രൂപയുടെ ബാങ്ക് ഇടപാടുകള്‍ നടത്തി. ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നും രേഖകള്‍ സഹിതം കുറ്റപത്രത്തില്‍ വിവരിക്കുന്നു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29-നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ബിനീഷ് ബെംഗളൂരുവില്‍ അറസ്റ്റിലായത്. നിലവില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് ബിനീഷ് കോടിയേരി.

content highlights: ED charge sheet against Bineesh Kodiyeri