ഉദയനിധി സ്റ്റാലിൻ | Photo: PTI
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ നിയന്ത്രണത്തിലുള്ള ഉദയനിധി സ്റ്റാലിൻ ഫൗണ്ടേഷന്റെ 36.3 കോടി രൂപയുടെ സ്ഥാവര ആസ്തികളും 34.7 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) താത്കാലികമായി കണ്ടുകെട്ടി. അനധികൃത പണമിടപാടുകേസിൽ നിയമനടപടി നേരിടുന്ന സ്ഥാപനത്തിൽനിന്ന് ഒരു കോടിരൂപ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
സിനിമാനിർമാണരംഗത്തെ പ്രമുഖരായ ലൈക്ക ഗ്രൂപ്പ് നൽകിയ പരാതിയിൽ കല്ലാൽ ഗ്രൂപ്പിനെതിരേ നടക്കുന്ന അന്വേഷണത്തിന്റെ തുടർച്ചയായാണ് ഉദയനിധി ഫൗണ്ടേഷന്റെ പേരിലുള്ള നടപടി. കല്ലാലുമായുള്ള ഇടപാടിൽ ലൈകയ്ക്ക് 300 കോടി രൂപ നഷ്ടം നേരിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ സ്ഥാപനത്തിൽനിന്ന് ഒരു കോടിരൂപ ഉദയനിധി ഫൗണ്ടേഷന് ലഭിച്ചതായും പരിശോധനയിൽ തെളിഞ്ഞു.
കുറ്റകൃത്യത്തിൽ ഉൾപ്പെട്ട സ്ഥാപനത്തിൽനിന്ന് പണം കൈപ്പറ്റിയത് എന്തിനെന്ന് വിശദീകരിക്കുന്നതിൽ ഫൗണ്ടേഷൻ അധികാരികൾ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ഇ.ഡി. അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ലൈക ഗ്രൂപ്പിന്റെയും കല്ലാൽ ഗ്രൂപ്പിന്റെയും ഓഫീസുകളിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.
പാവപ്പെട്ടവരെ സഹായിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനുമായി 2021-ലാണ് ഉദയനിധി സ്റ്റാലിൻ സ്വന്തം പേരിൽ ഫൗണ്ടേഷൻ തുടങ്ങിയത്.
Content Highlights: ED attaches properties of Udhayanidhi Stalin Foundation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..