ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭീതി പരത്തുകയാണെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി. ഹിന്ദു കലണ്ടര്‍പ്രകാരം അഞ്ചും ആറും മാസങ്ങളില്‍ എല്ലാവര്‍ഷവും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവാറുണ്ടെന്നും മോദി വ്യക്തമാക്കി.

''സാധാരണ ഗതിയില്‍ എല്ലാ വര്‍ഷവും സാവന്‍-ഭാദോ (ഹിന്ദു കലണ്ടറിലെ അഞ്ചും ആറും മാസങ്ങള്‍) സമയത്ത് ചാക്രികമായ സാമ്പത്തിക പിന്നോക്കാവസ്ഥ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത്തവണ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ നിരാശ തീര്‍ക്കാന്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണ് - സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ല. സ്ഥിതിഗതികള്‍ വൈകാതെ നിയന്ത്രണ വിധേയമാകും. ഈ സാഹചര്യങ്ങള്‍ ബിഹാറിനെ ബാധിക്കില്ല. ബിഹാറില്‍ വാഹന വിപണിയില്‍ പ്രശ്‌നങ്ങളൊന്നുമില്ല. സാമ്പത്തിക ഉത്തേജനത്തിനായി കേന്ദ്ര സര്‍ക്കാര്‍ മൂന്നാമത്തെ ആശ്വാസ നടപടികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും മോദി പറഞ്ഞു.

രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം നടത്തിയിരുന്നു. മാന്ദ്യത്തിന് കാരണം നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെറ്റായ പരിഷ്‌കാരങ്ങളെന്ന് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (2019-20) ആദ്യ പാദത്തില്‍ അഞ്ച് ശതമാനമാണ്. കഴിഞ്ഞ പാദത്തില്‍ 5.8 ശതമാനവും 2018 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ എട്ട് ശതമാനവുമായിരുന്നു സാമ്പത്തിക വളര്‍ച്ച.

content highlights: Economic Slowdown Usual During ‘Saawan-bhado’ says Sushil Modi