ന്യൂഡല്‍ഹി: സാമ്പത്തികസംവരണം പ്രാബല്യത്തില്‍വന്നതിന് പിന്നാലെ കോളേജുകളിലെയും സര്‍വകലാശാലകളിലെയും സീറ്റുകളുടെ എണ്ണം 25 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ തീരുമാനം. കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാല്‍ സീറ്റുകളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ തീരുമാനമെടുത്തിട്ടില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. 

2019-20 അധ്യയന വര്‍ഷം മുതല്‍ സാമ്പത്തിക സംവരണം നടപ്പിലാക്കുമെന്നും, നിലവിലെ സംവരണവിഭാഗങ്ങളെ ഇത് ബാധിക്കില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. രാജ്യത്തെ സ്വകാര്യ സര്‍വകലാശാലകളും പുതിയ സംവരണനിയമം നടപ്പിലാക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ യു.ജി.സി, എ.ഐ.സി.ടി.ഇ, മാനവവിഭവശേഷി വകുപ്പ് അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. 

പുതിയ തീരുമാനമനുസരിച്ച് രാജ്യത്തെ നാല്‍പ്പതിനായിരത്തിലേറെ കോളേജുകളിലും 900 സര്‍വകലാശാലകളിലും സീറ്റുകളുടെ എണ്ണം വര്‍ധിക്കും. നിലവിലെ എല്ലാ കോഴ്‌സുകളിലും സീറ്റ് വര്‍ധന നടപ്പിലാവും.

Content Highlights: economic reservation; 25% increase in university, college seats