പ്രതീകാത്മക ചിത്രം | Photo: PTI
ലഖ്നൗ: തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചതിന് വാരണാസി എഡിഎമ്മിനെതിരേ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തിനായുള്ള വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചതിന് വാരണാസി എഡിഎം എന്‍കെ സിങിനെതിരേ നടപടിയെടുക്കാന്‍ യുപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാരാണസിയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കടത്തി കൊണ്ടുപോകുന്നതായി കഴിഞ്ഞ ദിവസം സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. സ്ഥാനാര്‍ഥികളെ അറിയിക്കാതെയാണ് ജില്ലാ മജിസ്‌ട്രേറ്റ് വോട്ടിങ് യന്ത്രങ്ങള്‍ കടത്തിയതെന്നും സംഭവം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കണമെന്നും എസ്പി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍.
ട്രക്കില്‍ വോട്ടെണ്ണല്‍ യന്ത്രങ്ങള്‍ കടത്തുന്നതിന്റെ ദ്യശ്യങ്ങളും സമാജ് വാദി പാര്‍ട്ടി അനുയായികള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. സംഭവം വലിയ വിവാദമായതോടെ വോട്ടെണ്ണല്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലന ആവശ്യങ്ങള്‍ക്കായുള്ള വോട്ടിംഗ് മെഷീനുകളാണിതെന്നും ഇവ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസംതന്നെ വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് വിശദീകരണം നല്‍കിയിരുന്നു.
എന്നാല്‍ അഖിലേഷ് യാദവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി ഈ അവകാശവാദത്തെ തള്ളിക്കളഞ്ഞിരുന്നു. വോട്ടിങ് യന്ത്രണങ്ങളുമായി വന്ന ഒരു ട്രക്ക് ഞങ്ങള്‍ തടഞ്ഞു. എന്നാല്‍ മറ്റ് രണ്ട് ട്രക്കുകള്‍ കടന്നുകളഞ്ഞു. സംശയാസ്പദമായ പ്രവര്‍ത്തനമല്ലെങ്കില്‍ ഇവിഎമ്മുകളുമായി വന്ന രണ്ട് ട്രക്കുകള്‍ എന്തിനാണ് കടന്നുകളഞ്ഞതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
Content Highlights: EC orders action against Varanasi ADM over transportation of training EVMs: Sources
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..