തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനം |ഫോട്ടോ:പി.ടി.ഐ
ചെന്നൈ: തങ്ങള്‍ക്കെതിരായ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ഭാഗിക വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്‍ജി. ഉത്തരവുകളിലോ വിധിന്യായങ്ങളിലോ രേഖപ്പെടുത്തിയിരിക്കുന്ന നിരീക്ഷണങ്ങളില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഒതുക്കണം, കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് മദ്രാസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന്റെ പൂര്‍ണ്ണ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും. തിരഞ്ഞെടുപ്പ് റാലികള്‍ നടക്കുന്നത് കൈയും കെട്ടി നോക്കി നിന്ന കമ്മീഷനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നും ഈ മാസം 26-ന് മദ്രാസ് ഹൈക്കോടതി വാക്കാല്‍ പറഞ്ഞിരുന്നു. കോടതിയുടെ വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയ പശ്ചാത്തലത്തിലാണ് തമിഴ്നാട് ചീഫ് ഇലക്ടര്‍ ഓഫീസര്‍ സത്യബ്രത മാധ്യമങ്ങളെ ഭാഗികമായി വിലക്കണമെന്നാവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കിയത്.
കരൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ സമയത്ത് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഏപ്രില്‍ 26-ന് ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. ആ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ ഈ വാക്കാലുള്ള നിരീക്ഷണം രേഖപ്പെടുത്തിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മഷീന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
എന്നാല്‍ കോവിഡിന്റെ ഈ സാചര്യത്തിന്റെ ഏക ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കൊലക്കുറ്റം ചുമത്തണമെന്നുമുള്ള കോടതിയുടെ വാക്കാലുള്ള അഭിപ്രായങ്ങളാണ് മാധ്യമങ്ങള്‍ പ്രസീദ്ധീകരിച്ചത്. ഇത് ഗുരുതരമായ മുന്‍വിധിക്ക് കാരണമായെന്നും ഇതില്‍ തങ്ങള്‍ക്ക് ദുഃഖമുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് ചൂണ്ടിക്കാട്ടുന്നു. മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഒരു ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ കൊലപാതക കുറ്റം ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് നടത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്ന ഒരു സ്വതന്ത്ര ഭരണഘടനാ ഏജന്‍സിയെന്ന നിലയില്‍ ഈ റിപ്പോര്‍ട്ടുകള്‍ തങ്ങളുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തി. അത്തരം കാര്യങ്ങള്‍ ജനാധിപത്യത്തിലും ജനാധിപത്യ പ്രക്രിയകളിലും ജനങ്ങളുടെ വിശ്വാസം കുറയ്ക്കാനിടയാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍ നല്കിയ അപേക്ഷയില്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..