പ്രതീകാത്മക ചിത്രം | Photo: Mathrubhumi
മുംബൈ: തിരഞ്ഞെടുപ്പ് കമ്മിഷനെ ബി.ജെ.പി. ഹൈജാക്ക് ചെയ്തെന്ന ആരോപണവുമായി ശിവസേനയുടെ മുഖപത്രം സാമ്ന. സാമ്നയിലെഴുതിയ മുഖപ്രസംഗത്തിലാണ് ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിലുളള അവിശുദ്ധ ബന്ധത്തെ കുറിച്ചുളള ആരോപണങ്ങള്‍ ശിവസേന ഉന്നയിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമപുസ്തകത്തില്‍ നിന്ന് പ്രിയങ്കാഗാന്ധി ആരോപിച്ചതുപോലെ പക്ഷപാതരഹിതമായിക്കണം എന്ന ഉടമ്പടിയുളള പേജ് മോദി സര്‍ക്കാര്‍ കീറിക്കളഞ്ഞുവെന്നും ശിവസേന വിമര്‍ശിക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും തമ്മിലുളള ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് അസമില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന് കണ്ടെത്തിയ സംഭവം പരാമര്‍ശിച്ചുകൊണ്ട് ശിവസേന ആരോപിച്ചു. ബോഡോലാന്‍ഡ് പീപ്പിള്‍സ് പാര്‍ട്ടിക്കെതിരായി ആരോപണങ്ങള്‍ ഉന്നയിച്ച ഹിമാന്ത് ബിശ്വ ശര്‍മയയും മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹിമാന്തയെ ആദ്യം 48 മണിക്കൂര്‍ നേരത്തേക്ക് വിലക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന് പിന്നീട് അത് 24 മണിക്കൂറായി ചുരക്കിയിരുന്നു. 'ഇത് ആരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങി ചെയ്തതാണ്. രാജ്യത്തെ ജനാധിപത്യത്തെ ഇത്തരം പ്രവൃത്തികള്‍ ദുഷിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനെപ്പോഴുളള ഏജന്‍സികളെ രാഷ്ട്രീയ മണ്ണിലേക്ക് വലിച്ചിഴയ്ക്കരുത്.' മുഖപ്രസംഗത്തില്‍ പറയുന്നു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമത്വം നടത്തുന്ന് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേരത്തേ രംഗത്തെത്തിയിരുന്നു. ബി.ജെ.പി.സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ നിന്ന് ഇവിഎം കണ്ടെത്തിയത് സംബന്ധിച്ച് എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്നും വിശദീകരണം നല്‍കണമെന്നും ആയിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. ഇവിഎമ്മില്‍ കൃത്രിമത്വം നടത്തുന്നത് വേഗത്തില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുമെന്നും അസമിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ റിയോണ്‍ ബോറ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇവിഎമ്മിനെ ചൊല്ലി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിവാദം പരാജയഭീതിയെ തുടര്‍ന്നാണെന്ന് ബി.ജെ.പി.യും പ്രതികരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..