ന്യൂഡല്‍ഹി: ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ 111 ഇന്ത്യന്‍ നഗരങ്ങളുടെ കണക്കെടുത്തപ്പോള്‍ പുണെ ഒന്നാം സ്ഥാനത്ത്. കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. നവി മുംബൈ, ഗ്രെയ്റ്റര്‍ മുംബൈ എന്നീ നഗരങ്ങളെ പിന്‍തള്ളിയാണ് പുണെ ഒന്നാമതെത്തുന്നത്. 

താനെ, തിരുപ്പതി, ചണ്ഡീഗഢ്, റായ്പുര്‍, ഇന്‍ഡോര്‍, വിജയവാഡ, ഭോപ്പാല്‍ എന്നീ ക്രമത്തില്‍ മറ്റു നഗരങ്ങളും പിന്നാലെയുണ്ട്. ഈ സര്‍വേയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്ത വിസമ്മതിച്ചിരുന്നു. ഐ ടി നഗരങ്ങളായ ചെന്നൈ 14 ഉം ഹൈദരാബാദ് 27 ഉം ബംഗളൂരു 85 ളും സ്ഥാനത്താണ്. ഗുരുഗ്രാം, രാംപുര്‍, ജമ്മു കശ്മീര്‍, ശ്രീനഗര്‍ തുടങ്ങിയ നഗരങ്ങള്‍ പട്ടികയില്‍ വളരെ താഴെയാണ്. ഉത്തര്‍പ്രദേശിലെ റാംപൂരാണ് പട്ടികയില്‍ ഏറ്റവും താഴെ ഒടുവിലത്തെ സ്ഥാനത്തുള്ളത്.

കേന്ദ്രമന്ത്രി ഹര്‍ഷ്ദീപ് സിങ്ങ് പുരിയാണ് തിങ്കളാഴ്ച്ച സര്‍വെഫലം പുറത്തുവിട്ടത്. ആഗോളതലത്തില്‍ വിലയിരുത്തുമ്പോള്‍ രാജ്യത്തെ പ്രധാന നഗരങ്ങള്‍ എത്രത്തോളം ജീവിതയോഗ്യമാണെന്ന് അറിയാനായിരുന്നു സര്‍വെ. രാജ്യത്തെ സാമൂഹിക, സാമ്പത്തിക, ഭൗതിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നടത്തിയ സര്‍വെ ഈ നഗരങ്ങളിലെ പാര്‍പ്പിടം, മറ്റു യാത്രാ സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് ഉപകരിക്കുമെന്നാണ് കരുതുന്നത്.