ന്യൂഡല്‍ഹി:  ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു.  റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രാജ്യതലസ്ഥാനം നടുങ്ങിയപ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെ ചര്‍ച്ച തുടര്‍ന്ന രാഹുല്‍ ഗാന്ധിയ്ക്ക് അഭിനന്ദനം ചൊരിയുകയാണ് സോഷ്യല്‍ മീഡിയ. 

ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി ഓണ്‍ലൈനില്‍ ലൈവ് ചര്‍ച്ച നടത്തുകയായിരുന്നു രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയയിലെ ട്രോളുകളെക്കുറിച്ചും  കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാടിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.  

ഇതിനിടെയാണ് ഭൂചലനം ഉണ്ടായത്. എന്റെ മുറി മുഴുവന്‍ കുലുങ്ങുന്നുണ്ട് ഭൂചലനമാണെന്നാണ് കരുതുന്നത് എന്ന് പറഞ്ഞ രാഹുല്‍ ചര്‍ച്ച തുടരുകയായിരുന്നു. ഇത് കേട്ടു അതിഥികള്‍ നടുങ്ങിയെങ്കിലും രാഹുല്‍ ഗാന്ധി ചെറുപുഞ്ചിരിയോടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് തുടര്‍ന്നു. 

ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഭൂചലനത്തിലും ശാന്തമായി പെരുമാറുന്ന രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. 

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിട്രോഡയും രാഹുല്‍ ഗാന്ധിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

Content Highlight: Earthquake makes appearance during Rahul Gandhi's live interaction