ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. ഡല്‍ഹിയിലടക്കം വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

പഞ്ചാബിലെ അമൃത്സര്‍, ജമ്മു, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഹരിയാണ, യുപിയിലെ നോയ്ഡ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. അമൃത്സറില്‍ 6.1 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സീസ്‌മോളജി സെന്ററിനെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.  രാജസ്ഥാനിലെ ആള്‍വാറില്‍ 4.2 രേഖപ്പെടുത്തിയതായി വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ശക്തമായ ഭൂമികുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമൃത്സറില്‍ ജനങ്ങള്‍ വീടുകളില്‍നിന്ന് ഇറങ്ങിയോടി. എന്നാല്‍ സംസ്ഥാനത്ത് ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.

Content Highlights: Earth quake tremours felt in Delhi, Jammu and Uttarakhand