ന്യൂഡല്‍ഹി: ചില സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മൂന്നാം തരംഗം ഉണ്ടാവുന്നതിന്റെ ആദ്യ സൂചനയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആർ) പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോക്ടര്‍ സമീരന്‍ പാണ്ഡെ. 

മൂന്നാം തരംഗമെത്താന്‍ ഇനിയും രണ്ടോ മൂന്നോ മാസമെടുക്കുമെന്ന് കരുതിയിരിക്കരുതെന്നും ചില സംസ്ഥാനങ്ങളില്‍ മൂന്നാം തരംഗത്തിന്റെ ആദ്യ സൂചനകള്‍ കണ്ടുതുടങ്ങിയെന്നും ഡോക്ടര്‍ പാണ്ഡെ ദേശീയ മാധ്യമമായ മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഉത്സവ കാലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ആള്‍ക്കൂട്ടം ഉണ്ടാവുകയും ചെയ്താല്‍ സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടാവുമെന്നും ഡോക്ടര്‍ പാണ്ഡെ പറഞ്ഞു. 

രണ്ടാം തരംഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നാം തരംഗത്തില്‍ രോഗവ്യാപനത്തില്‍ അല്‍പ്പം കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗം രൂക്ഷമല്ലാത്ത സംസ്ഥാനങ്ങള്‍ പ്രതിരോധ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും നിയന്ത്രണങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. 

കേരളത്തിലും മിസോറാമിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഉള്ളത്. രോഗബാധിതര്‍ രോഗം വരാന്‍ സാധ്യതയുള്ളവരുമായി സമ്പര്‍ക്കമുണ്ടാകുന്നത് കേരളത്തില്‍ കൂടുതലാണെന്നും രോഗവിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്ന സംസ്ഥാനമാണ് കേരളമെന്നും പാണ്ഡെ പറഞ്ഞു. 

ആറ് വയസ്സിനും 17 വയസ്സിനുമിടയിലുള്ള കുട്ടികളില്‍ 50 ശതമാനവും രോഗം വന്നുപോയവരാണെന്ന് സിറോ പ്രിവലന്‍സ് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്,  ഈ പ്രായത്തിനുള്ളിലുള്ളവരുടെ വാക്‌സിനേഷനായി ധൃതി കാണിക്കേണ്ടെന്നും അധ്യാപകരുള്‍പ്പടെയുള്ള ജീവനക്കാര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

content highlights: early signs of covid third wave seen in some states says icmr