ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പൂര്‍ണമായും വേരോടെ പിഴുതെറിയേണ്ടതാണെന്നും കുടുംബപ്പേരുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവരുടെ ഭാഗ്യം ഇപ്പോള്‍ കുറഞ്ഞുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സിലൂടെ ദേശീയ യുവ പാര്‍ലമെന്റ് ഫെസ്റ്റിവലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളോട് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 

'ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്, കുടുംബവാഴ്ചയാണത്. രാഷ്ട്രത്തിന് വെല്ലുവിളിയാണ് കുടുംബവാഴ്ച, അത് വേരോടെ പിഴുതെറിയേണ്ടതുണ്ട്,' പ്രധാനമന്ത്രി പറഞ്ഞു.

'കുടുംബപ്പേരുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ ഭാഗ്യം കുറഞ്ഞുവരുന്നുവെന്നത് ശരിയാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍, കുടുംബവാഴ്ച എന്ന രോഗം ഇതുവരെ അവസാനിച്ചിട്ടില്ല. കുടുംബത്തെ സേവിക്കാനായി രാഷ്ട്രീയത്തെ കാണുന്നവരിപ്പോഴുമുണ്ട്.''കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളെ ഉന്നം വെച്ച് പ്രധാനമന്ത്രി പറഞ്ഞു.

കുടംബവാഴ്ചക്കാര്‍ രാഷ്ട്രത്തിനല്ല മുന്‍ഗണന നല്‍കുക.അവര്‍ക്കെല്ലാം താനും തന്റെ കുടുംബവുമാകും വലുതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലയിലുമെന്നപോലെ രാഷ്ട്രീയത്തിലും യുവാക്കളെ ആവശ്യമുണ്ട്. അവരുടെ ചിന്ത, ഊര്‍ജ്ജം, ഉത്സാഹം എന്നിവ രാഷ്ട്രീയത്തിന് ആവശ്യമാണ്. ഏതെങ്കിലും യുവാക്കള്‍ രാഷ്ട്രീയത്തിലേക്ക് തിരിയുകയാണെങ്കില്‍, അവര്‍ വഴിതെറ്റുകയാണെന്ന് പണ്ട് അവരുടെ കുടുംബം പറയുന്ന രീതി ഉണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

content highlights: Dynastic Politics Is The Biggest Enemy Of Democracy, says PM Modi