പ്രതീകാത്മകചിത്രം| Photo: Mathrubhumi
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭ മാതൃകയില്‍ തൊഴില്ലായ്മക്കെതിരേ രാജ്യവ്യാപക സമരം സംഘടിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ. ഒരുങ്ങുന്നു. വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ ആരംഭിക്കുന്ന സംഘടനയുടെ അഖിലേന്ത്യ സമ്മേളനത്തില്‍ സമരത്തിന്റെ രൂപരേഖ തയ്യാറാക്കും. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് ആയി എ.എ. റഹീം തുടരും. ജെയ്ക് സി. തോമസ് ദേശിയ ഭാരവാഹിയാകും.
നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ വിജയിച്ച കര്‍ഷക സംഘടനകളുടെ സമരത്തിന്റെ മാതൃകയില്‍ വിവിധ യുവജന സംഘടനകളെ പങ്കെടുപ്പിച്ച് പ്രതിഷേധ സമരം സംഘടിപ്പിക്കാനാണ് ഡി.വൈ.എഫ്.ഐ. ആലോചിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരം നടത്താതെ യുവജന സംഘടനകളെ അണിനിരത്തിയുള്ള സമരമാണ് സംഘടന ആലോചിക്കുന്നത്. സമരത്തിന്റെ രൂപം സംബന്ധിച്ച് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ സമ്മേളനത്തില്‍ അന്തിമരൂപമാകും.
പൊതുസമ്മേളനം ഇന്ന് യെച്ചൂരി ഉദ്ഘാടനം ചെയ്യും, പ്രതിനിധി സമ്മേളനം നാളെ ആരംഭിക്കും
കൊല്‍ക്കത്ത റാണി റാഷ്മണി റോഡില്‍ ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് ഡി.വൈ.എഫ്.ഐ. 11-ാം അഖിലേന്ത്യാ സമ്മേളനം ആരംഭിക്കുന്നത്. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. 27 വര്‍ഷത്തിനു ശേഷമാണ് കൊല്‍ക്കത്ത ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ സമ്മേളനത്തിന് വേദിയാകുന്നത്.
ഫുടബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ പേരിലിലുള്ള സമ്മേളന നഗരിയില്‍ വെള്ളിയാഴ്ച പ്രതിനിധി സമ്മേളനം ആരംഭിക്കും. ഇതാദ്യമായാണ് ഡി.വൈ.എഫ്.ഐയുടെ സമ്മേളനനഗരിക്ക് ഒരു കായികതാരത്തിന്റെ പേര് നല്‍കുന്നത്. രാഷ്ട്രീയത്തിന് അതീതമായി യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിന് ഭാഗമായാണ് ഡി.വൈ.എഫ്.ഐയുടെ നീക്കം.
റഹീം തുടരും, അഭോയ് മുഖര്‍ജി ഒഴിയും, ജെയ്ക്ക് ദേശീയ ഭാരവാഹിയാകും
അഖിലേന്ത്യാ സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. പ്രസിഡന്റ് സ്ഥാനത്ത് എ.എ. റഹീം തുടരും. നിലവിലെ ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി ഒഴിയും. പശ്ചിമ ബംഗാളില്‍നിന്നുള്ള ഹിമാഗണ ഭട്ടാചാര്യ ജനറല്‍ സെക്രട്ടറി ആയേക്കും.
ജെയ്ക്ക് സി. തോമസ് ദേശീയ ഉപാധ്യക്ഷനോ, ജോയിന്റ് സെക്രട്ടറിയോ ആകും. സംഘടനയുടെ ദേശീയ സെന്ററിന്റെ ഭാഗമായാകും ജെയ്ക്ക് ഇനി പ്രവര്‍ത്തിക്കുക.
കേരളത്തില്‍നിന്ന് മുഹമ്മദ് റിയാസ്, എസ്. സതീഷ്, എസ്.കെ. സജീഷ്, കെ.യു. ജനീഷ് കുമാര്‍ എന്നിവര്‍ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിയും. ഡി.വൈ.എഫ്.ഐ. സംസ്ഥാന അധ്യക്ഷന്‍ വി. വസീഫ്, സംസ്ഥാന ട്രഷറര്‍ എസ്.ആര്‍. അരുണ്‍ ബാബു എന്നിവര്‍ കേന്ദ്ര കമ്മിറ്റിയില്‍ എത്തും. ഷിജു ഖാന്‍, എം. ഷാജിര്‍ എന്നിവരെയും കേന്ദ്ര കമ്മിറ്റിയിലേക്ക് പരിഗണിക്കുന്നുണ്ട്. നിയമസഭാംഗം എം. വിജിനെ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുന്ന കാര്യവും നേതൃത്വത്തിന്റെ പരിഗണനയിലാണ്.
Content Highlights: dyfi plans to conduct strike against unemployment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..