ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ എ.ബി.വി.പി.ക്ക്. ആകെയുള്ള നാലുസീറ്റുകളില്‍ മൂന്നു സീറ്റുകളിലും മിന്നും ജയം നേടിയാണ് എ.ബി.വി.പി. യൂണിയന്‍ സ്വന്തമാക്കിയത്. യൂണിയന്‍ പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളില്‍ എ.ബി.വി.പി. സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ സെക്രട്ടറി സ്ഥാനത്തേക്ക് എന്‍.എസ്.യു.ഐ. സ്ഥാനാര്‍ഥി തിരഞ്ഞെടുക്കപ്പെട്ടു. 

ഭാരവാഹികള്‍: പ്രസിഡന്റ്- അശ്വിത് ധാഹിയ (എബിവിപി), വൈസ് പ്രസിഡന്റ്- പ്രദീപ് തന്‍വാര്‍ (എബിവിപി) സെക്രട്ടറി- ആശിഷ് ലാംബ (എന്‍.എസ്.യു.ഐ) ജോയിന്റ് സെക്രട്ടറി- ശിവാങ്കി കര്‍വാള്‍ (എബിവിപി). 

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അശ്വിത് ധാഹിയ എന്‍.എസ്.യു സ്ഥാനാര്‍ഥിയെ 19,000-ലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. എ.ബി.വി.പി.യും എന്‍.എസ്.യു.ഐയും തമ്മിലായിരുന്നു പ്രധാന മത്സരം. ഇടതുവിദ്യാര്‍ഥി സംഘടനയായ ഐസയും മത്സരരംഗത്തുണ്ടായിരുന്നു. എന്നാല്‍ മത്സരിച്ച മൂന്നുസീറ്റുകളിലും ഐസ സ്ഥാനാര്‍ഥികള്‍ മൂന്നാംസ്ഥാനത്തായി.

ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഡല്‍ഹി സര്‍വകലാശാലയില്‍ 39.90 ശതമാനം പേര്‍ മാത്രമാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ അവധികളും പ്രതികൂല കാലാവസ്ഥയുമാണ് വോട്ടിങ് ശതമാനം കുറയാന്‍ കാരണമായത്. 

Content Highlights: dusu election results 2019 abvp wins three seats nsui bags one seat, aisa on third position