ന്യൂഡല്‍ഹി:  ഡല്‍ഹി സര്‍വകലാശാല സ്റ്റുഡന്റ്‌സ് യൂണിയന്‍ തലപ്പത്തേക്ക് കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടന എന്‍.എസ്.യു.ഐ യുടെ തിരിച്ചു വരവ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥാനങ്ങള്‍ എന്‍.എസ്.യു.ഐ നേടിയപ്പോള്‍ സെക്രട്ടറി സ്ഥാനം നിലനിര്‍ത്തിക്കൊണ്ട് ജോയിന്റ് സെക്രട്ടറി സ്ഥാനവും എബിവിപി സ്വന്തമാക്കി. നാല് വര്‍ഷത്തിനു ശേഷമാണ് എന്‍.എസ്.യു.ഐ യൂണിയന്‍ പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കുന്നത്.

റോക്കി തുഷീദ് ആണ് എന്‍.എസ്.യു.ഐക്ക് വേണ്ടി യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചത്. കുണാല്‍ സെഹ്‌റാവത്ത് (വെസ് പ്രസിഡന്റ, എന്‍.എസ്.യു.ഐ) നികുഞ്ച് മക്വാന( സെക്രട്ടറി, എ.ബി.വി.പി) പങ്കജ് കേസരി(ജോ.സെക്രട്ടറി,എ.ബി.വി.പി)എന്നിവരാണ് മത്സരിച്ചു ജയിച്ചവര്‍. 

എ.ബി.വി.പിയുടെ രജത്ത് ചൗധരി, ഐസയുടെ പാറുള്‍ ചൗഹ, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാജ ചൗധരി, അല്‍ക്ക എന്നിവരാണ് യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്ത് മത്സര രംഗത്തുണ്ടായിരുന്നത്. 

ഇന്ന് രാവിലെ മുതലാണ് ഡല്‍ഹി സര്‍വകലാശാല തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണിത്തുടങ്ങിയത്. ഡല്‍ഹി കിംഗ്‌സ് വേ ക്യാമ്പിന് സമീപത്തെ കമ്മ്യൂണിറ്റി ഹാളിലാണ് വോട്ടെണ്ണല്‍. സംഘര്‍ഷ സാധ്യത പരിഗണിച്ച് കനത്ത സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. 126 ബാലറ്റ് പെട്ടികളാണ് ഉണ്ടായിരുന്നത്. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡല്‍ഹി സര്‍വകലാശാല സ്റ്റുഡന്റ്‌സ് യൂണിയനിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്. സെക്രട്ടറി. ജോയിന്റ് സെക്രട്ടറി സ്ഥനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്. സര്‍വകലാശാലയ്ക്ക് കീഴിലെ 51 കോളേജുകളില്‍ നിന്നായി 43 ശതമാനം വോട്ടാണ് തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. 

കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനമൊഴികെയുള്ള മുഖ്യപാനല്‍ നേടിയത് എബിവിപി ആയിരുന്നുവെങ്കില്‍ ഈ വര്‍ഷം പ്രസിഡന്റ്, വൈ.പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താന്‍ എബിവിക്കായില്ല. കഴിഞ്ഞ വര്‍ഷം ജോയിന്റ് സെക്രട്ടറി സ്ഥാനം മാത്രമാണ് എന്‍.എസ്.യു.ഐക്ക് ലഭിച്ചതെങ്കില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം തിരിച്ചു പിടിച്ച് കരുത്ത് തെളയിക്കാനാണ് എന്‍.എസ്.യു.ഐക്ക് സാധിച്ചത്.