ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭത്തെച്ചൊല്ലി സര്‍ക്കാരിനുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കെ ഹരിയാണ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ദുഷ്യന്ത് ചൗട്ടാല ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും സന്ദര്‍ശിച്ചിരുന്നു.

ബി.ജെ.പിയും ജെ.ജെ.പിയും ചേര്‍ന്നുള്ള (ജന്നായക് ജനതാ പാര്‍ട്ടി) ഹരിയാണ സഖ്യ സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്ന് മുഖ്യമന്ത്രി എം.എല്‍ ഖട്ടാറും ചൗട്ടാലയും ആവര്‍ത്തിച്ചു. വിഷയത്തില്‍ ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കു ശേഷമായിരുന്നു ഇരുവരുടെയും പ്രസ്താവന.

''ഹരിയാണ സര്‍ക്കാരിന് ഒരു ഭീഷണിയുമില്ല, അത് അതിന്റെ അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തീകരിക്കും,'' ചൗട്ടാല പറഞ്ഞു.ഈ സര്‍ക്കാരിന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങളില്‍ അര്‍ഥമില്ല. അത് കാലാവധി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി ഖട്ടാര്‍ കൂട്ടിച്ചേര്‍ത്തു. 

ക്രമസമാധാനത്തെക്കുറിച്ചും ജനുവരി 26 ലെ റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുക്കേണ്ട സുരക്ഷയുടെ ആവശ്യകതയെക്കുറിച്ചുമാണ് അമിത് ഷായുമായി പ്രധാനമായും ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷികനിയമങ്ങളുമായി ബന്ധപ്പെട്ട് ഹരിയാണയിലെ തങ്ങളുടെ സഖ്യകക്ഷിയുമായി അത്ര രസത്തിലല്ല ബിജെപി.

content highlights: Dushyant Chautala Meets PM Modi Amid Farmers' Protest