ലഖ്‌നൗ: സൂഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് (എം.എസ്.എം.ഇ) ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ 2002 കോടിയുടെ വായ്പ.

സംസ്ഥാനത്തെ 56,754 വ്യവസായങ്ങള്‍ക്കാണ്‌ വായ്പ അനുവദിച്ചത്‌. എം.എസ്.എം.ഇ മേഖലയിലുള്ള വ്യവസായങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മൂന്ന് ലക്ഷം കോടിയുടെ സഹായപദ്ധതി പ്രഖ്യാപിച്ച് 24 മണിക്കൂറിനിടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി. 

എം.എസ്.എം.ഇ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളെ സഹായിക്കാന്‍ ഇത്രവലിയ തുക വായ്പ അനുവദിക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. സംസ്ഥാനത്തെ എം.എസ്.എം.ഇ  മേഖലയിലുള്ള 56,754 കമ്പനികളിലായി രണ്ട് ലക്ഷം ആളുകളാണ് ജോലിചെയ്യുന്നത്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്ഥാപനങ്ങള്‍ അടച്ചിട്ടതുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇത്രയധികം ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാമെന്ന് കണ്ടാണ് നടപടി.

വായ്പ അനുവദിക്കുന്നതിനായി സര്‍ക്കാര്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളാണ് സംസ്ഥാനത്തിന്റെ കരുത്തെന്നും അതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടി പോകേണ്ട സാഹചര്യം ഇല്ലാതാകുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞു.

വരുന്ന ദീപാവലിയില്‍ വിഗ്രഹങ്ങളും മറ്റും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗോരഖ്പുരിലെ കളിമണ്‍ വിഗ്രഹങ്ങള്‍ മികച്ചതാണെന്നും അദ്ദേഹം പറയുന്നു.

പ്രാദേശിക ഉത്പന്നങ്ങള്‍ ആഗോള വിപണിയിലേക്ക് എത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് ചുവടുപിടിച്ച് സംസ്ഥാനത്തെ എം.എസ്.എം.ഇ മേഖലയിലെ കമ്പനികളെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഒരു ജില്ല, ഒരുത്പന്നം എന്ന പദ്ധതി ഇതിനായി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

Content Highlights: during the ongoing Corona crisis, Yogi gives Rs 2002 cr to 56K entrepreneurs