ഗുവാഹത്തി: മൂവായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കുകയും എഴുപതിലേറെ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുകയും ചെയ്ത കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ചാണകവും ഗോമൂത്രവും സഹായകമാവുമെന്ന് ബിജെപി എംഎല്‍എ. അസം നിയമസഭാംഗമായ സുമന്‍ ഹരിപ്രിയയാണ് വിചിത്രമായ പ്രസ്താവന നടത്തിയത്.  

ചാണകത്തിനും ഗോമൂത്രത്തിനും കാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ മാറ്റാനാവുമെന്നും ഗോമൂത്രം തളിക്കുന്നയിടങ്ങള്‍ ശുദ്ധീകരിക്കപ്പെടുമെന്നും നമുക്കേവര്‍ക്കുമറിയുന്നതാണെന്ന് സുമന്‍ ഹരിപ്രിയ പറഞ്ഞു. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ശുദ്ധീകരണശേഷി കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ സഹായകമാവുമെന്നാണ് തന്റെ വിശ്വാസമെന്നും എംഎല്‍എ പറഞ്ഞു. 

സംസ്ഥാനബജറ്റ് സമ്മേളനത്തില്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്കുള്ള പശുക്കടത്തിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് സുമന്‍ ഹരിപ്രിയ ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും രോഗപ്രതിരോധശേഷിയെ കുറിച്ച് വിവരിച്ചത്. ഇന്ത്യയില്‍ നിന്ന് കടത്തുന്ന ഗോക്കളാണ് ബംഗ്ലാദേശിന്റെ സാമ്പത്തികവികസനത്തിന്റെ അടിസ്ഥാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഗോമാംസകയറ്റുമതിയില്‍  ബംഗ്ലാദേശിന് ലോകത്തില്‍ രണ്ടാം സ്ഥാനമാണുള്ളത്. അവര്‍ കയറ്റുമതി ചെയ്യുന്നത് മുഴുവന്‍ ഇന്ത്യയില്‍ നിന്നുള്ള ഗോക്കളെയാണെന്നും നദികളിലൂടെയാണ് പ്രധാനമായും ഇന്ത്യയില്‍ നിന്നുള്ള പശുക്കടത്തല്‍ നടക്കുന്നതെന്നും സുമന്‍ ഹരിപ്രിയ കൂട്ടിച്ചേര്‍ത്തു. അസമിലെ ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ പശുക്കടത്തലിനെതിരെ കര്‍ശനനടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 

 

Content Highlights: Dung,Urine Of Cow May Cure Coronavirus says Assam BJP MLA