ന്യൂഡല്‍ഹി: യഥാര്‍ഥ നിയന്ത്രണരേഖ മുറിച്ചുകടന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈനികര്‍ പിടികൂടിയ ചൈനീസ് സൈനികനെ എത്രയും വേഗം കൈമാറണമെന്നാവശ്യപ്പെട്ട് ചൈന. ചൈനീസ് സൈനികന് ഇരുട്ടുമൂലം വഴിതെറ്റിയതാണെന്ന് 'ദി ചൈന മിലിറ്ററി ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തിന്റെ ഔദ്യോഗിക പിഎല്‍എ ദിനപത്രം നടത്തുന്ന ഓണ്‍ലൈനാണ് ഇത്. 

'ഇരുട്ടും സങ്കീര്‍ണമായ ഭൂപ്രകൃതിയും കാരണം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ ഒരു സൈനികന്‍ വഴിതെറ്റി നിയന്ത്രണരേഖ മുറിച്ചുകടന്നിരുന്നു. സൈനികനെ കാണാതായി രണ്ടുമണിക്കൂറിനുളളില്‍ അദ്ദേഹത്തെ പിടികൂടിയതായി ഇന്ത്യ സ്ഥിരീകരിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം ലഭിച്ചതിന് ശേഷം ചൈനീസ് സൈനികനെ കൈമാറുമെന്ന് ഇന്ത്യ പറഞ്ഞു', റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇന്ത്യന്‍ അധികൃതര്‍ ഉടന്‍തന്നെ സൈനികനെ കൈമാറണമെന്നും ഇരുരാജ്യങ്ങളും ഐക്യത്തോടെ അതിര്‍ത്തിയിലെ സമാധാനം നിലനിര്‍ത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് തെക്കേക്കരയില്‍ വെച്ചാണ് ചൈനീസ് സൈനികന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലാകുന്നത്.

മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് അതിര്‍ത്തി മറികടന്നെത്തിയ ചൈനീസ് സൈനികര്‍ ഇന്ത്യയുടെ പിടിയിലാകുന്നത്. ഒക്ടോബര്‍ 19-ന് ലഡാക്കിലെ തന്നെ ദെംചോക്ക് മേഖലയില്‍ വഴിതെറ്റി യഥാര്‍ഥ നിയന്ത്രണരേഖ കടന്ന ചൈനീസ് കോര്‍പ്പറല്‍ വാങ് യാ ലോങ്ങിനെ ഇന്ത്യ പിടികൂടിയിരുന്നു. പ്രോട്ടോക്കോളനുസരിച്ച് ചുഷൂല്‍ അതിര്‍ത്തിയില്‍ പിന്നീട് ഇദ്ദേഹത്തെ ചൈനക്ക് കൈമാറി.

സംഘര്‍ഷത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കിയിരിക്കുന്നതിനിടയിലാണ് സൈനികര്‍ നിയന്ത്രണരേഖ മറികടക്കുന്ന സംഭവങ്ങളുണ്ടായത്.  

Due to darkness and complicated geography, a chinese soldier went astray in the India-China border says China