അഗര്‍ത്തല: മണ്ടത്തരങ്ങളും ശാസ്ത്രവിരുദ്ധമായ കാര്യങ്ങളും ആധികാരികമെന്ന മട്ടില്‍ വിളിച്ചുപറഞ്ഞ് സ്ഥിരമായി വിവാദങ്ങളുണ്ടാക്കുന്നയാളാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. സിവില്‍ എൻജിനീയർമാര്‍ സിവില്‍ സര്‍വീസില്‍ ചേരണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. താറാവിന്റെ അത്ഭുത ശേഷിയെക്കുറിച്ചുള്ളതാണ് ബിപ്ലബ് ദേബിന്റെ ഏറ്റവും പുതിയ 'കണ്ടെത്തല്‍'.

താറാവുകള്‍ വെളളത്തില്‍ സഞ്ചരിക്കുമ്പോള്‍ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിക്കുമെന്നാണ് ബിപ്ലബ് ദേബിന്റെ പ്രസ്താവന. ഇങ്ങനെ ജലം പുനചംക്രമണം ചെയ്യപ്പെടുന്നതിലൂടെ ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് പെരുകുമെന്നും അദ്ദേഹം കണ്ടെത്തുന്നു. തിങ്കളാഴ്ച രുദ്രസാഗര്‍ തടാകത്തില്‍ നടന്ന വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അമ്പതിനായിരം താറാവു കുഞ്ഞുങ്ങളെ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. താറാവുകളെയും കോഴികളെയും വളര്‍ത്തുന്നത് ഗ്രാമീണ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷത്തോളമായി ഈ സംസ്‌കാരം ഇല്ലാതായിരിക്കുകയാണ്. ഒരു വീട്ടില്‍ അഞ്ച് താറാവുകളെയെങ്കിലും വളര്‍ത്തണം. ഇതിലൂടെ കുട്ടികള്‍ക്ക് കൂടുതലായി പോഷകാംശങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

താറാവുകള്‍ നീന്തുമ്പോള്‍ വെള്ളത്തില്‍ ചില ലവണങ്ങള്‍ രൂപപ്പെടുന്നതായും ഇത് ഹരിത ആല്‍ഗകളുടെ വളര്‍ച്ചയെ ത്വരിപ്പെടുത്തി, വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കുന്നതായും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ശാസ്തജ്ഞര്‍ പറയുന്നു. ചില സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ജലത്തില്‍ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാറുണ്ട്. എന്നാല്‍ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാന്‍ താറാവുകള്‍ക്ക് ശേഷിയുണ്ടെന്ന വാദം അശാസ്ത്രീയമാണെന്ന് ജന്തുശാസ്ത്രജ്ഞനായ ജ്യോതി പ്രകാശ് റോയ് ചൗധരി ചൂണ്ടിക്കാട്ടുന്നു.

മുന്‍പും അടിസ്ഥാനമില്ലാത്ത പ്രസ്താവനകളും അവകാശവാദങ്ങളും ഉന്നയിച്ച് വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട് ബിപ്ലബ് ദേബ്. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റും ഉപഗ്രഹ ആശയവിനിമയ സാങ്കേതികവിദ്യയും ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. ബ്രിട്ടീഷുകാരോടുള്ള പ്രതിഷേധമായി രവീന്ദനാഥ് ടാഗോര്‍ നൊബേല്‍ പുരസ്‌കാരം തിരികെ കൊടുത്തിരുന്നതായും ചൈനീസ് സഞ്ചാരിയായ ‌ഹുയാൻ സാങ് ഒരു പത്രപ്രവര്‍ത്തകനായിരുന്നെന്നുമുള്ള ചരിത്രവിരുദ്ധമായ പ്രസ്താവനകളും അദ്ദേഹം നടത്തിയിട്ടുണ്ട്.

ontent Highlights: Ducks raise oxygen level in water bodies, Biplab Deb, blunders of biplab deb