ബാലസോര്‍:  ഡിആര്‍ഡിഒ വികസിപ്പിച്ച ക്വിക്ക് റിയാക്ഷന്‍ ഭൂതല വ്യോമ മിസൈല്‍ (ക്യു.ആര്‍.എസ്.എ.എം) പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം. ബാലസോറിലെ പരീക്ഷണ കേന്ദ്രത്തില്‍ വെച്ചാണ് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം നടന്നത്. 

25 കിലോമീറ്ററാണ് മിസൈലിന്റെ ആക്രമണ പരിധി. ഏത് കാലാവസ്ഥയിലും എല്ലാത്തരത്തിലുമുള്ള ഭൂപ്രദേശങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഈ മിസൈല്‍ പ്രതിരോധ സംവിധാനം. യുദ്ധവിമാനങ്ങള്‍ വഴിയുള്ള സുരക്ഷാഭീഷണികളെ തകര്‍ക്കുക എന്നതാണ് ലക്ഷ്യം. 

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതിന്റെ പരീക്ഷണം രണ്ട് തവണ വിജയകരമായി നടത്തിയിരുന്നു. 2017 ജൂണിലാണ് ആദ്യ പരീക്ഷണം നടന്നത്. ഇതിന് ശേഷം ജൂലായ് മൂന്നിനും പരീക്ഷണം നടന്നു. 

ഇന്ത്യ തദ്ദേശീയമായി നിരവധി മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. പ്രിഥ്വി, ആകാശ് എന്നീ മിസൈലുകള്‍ ഉപയോഗിച്ചുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യ ഇതിനുമുമ്പ് വികസിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് ക്യു.ആര്‍.എസ്.എ.എം സംവിധാനവും വരുന്നത്. വ്യോമാക്രമണത്തിനോട് വളരെ പെട്ടന്ന് പ്രതികരിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. 

ഇവകൂടാതെ റഷ്യന്‍ നിര്‍മിത എസ് -400 സംവിധാനവും ഇന്ത്യ വാങ്ങുന്നുണ്ട്. ഇത്തരത്തില്‍ വ്യോമപ്രതിരോധത്തിന്റെ വലിയൊരു നിരയൊരുക്കുകയാണ് ഇന്ത്യ. 2020 ല്‍എസ്-400 സംവിധാനത്തിന്റെ ആദ്യ യൂണിറ്റ് ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. 

Content Highlights: DRDO successfully test fires QRSAM missile