ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന് കരുത്തുപകര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായവുമായി ഡിആര്‍ഡിഒയും. കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നവര്‍ ധരിക്കേണ്ട സുരക്ഷാ വസ്ത്രവും മാസ്‌കുകളും ഇനി ഡിആര്‍ഡിഒ നിര്‍മിക്കും. ചൈനയില്‍ രോഗം പൊട്ടിപ്പുറപ്പെട്ട മാധ്യമ വാര്‍ത്തകള്‍ വന്ന അന്നുമുതല്‍ രോഗവ്യാപനം സംബന്ധിച്ച വിവരങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് ഡിആര്‍ഡിഒ അധികൃതര്‍ പറയുന്നു. 

ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 30 ആയ മാര്‍ച്ച് ആദ്യവാരം തന്നെ രോഗവ്യാപനം തടയുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായ നിര്‍ണായകമായ ആരോഗ്യ രക്ഷാസംവിധാനങ്ങളുടെ ഉത്പാദനത്തില്‍ തങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചു.  ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായി കൊറോണ പ്രതിരോധത്തിനുള്ള നാല് അവശ്യ സാധനങ്ങള്‍ ഇപ്പോള്‍ വിതരണത്തിന് തയ്യാറായെന്നും ഡിആര്‍ഡിഒ അധികൃതര്‍ പറയുന്നു.

സാനിറ്റൈസര്‍ ക്രിട്ടിക്കല്‍ കെയര്‍ വെന്റിലേറ്റര്‍, എന്‍99 മാസ്‌ക്, ബോഡി സ്യൂട്ട് തുടങ്ങിയ ഉത്പന്നങ്ങളാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്. 

മാര്‍ച്ച് മൂന്നാം വാരത്തില്‍ തന്നെ സാനിറ്റൈസറുകളുടെ ഉത്പാദനം പൂര്‍ത്തിയായി. ഇവ ഡല്‍ഹിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ വിതരണം ചെയ്തു.

കൂടാതെ 4,000 ലിറ്ററോളം സാനിറ്റൈസര്‍ വിവിധ സേനാ വിഭാഗങ്ങള്‍ക്കായി വിതരണം ചെയ്തു. പ്രതിരോധ മന്ത്രാലയം, പാര്‍ലമെന്റ്, സുരക്ഷാ വിഭാഗങ്ങള്‍ എന്നിവര്‍ക്കായി വിതരണം ചെയ്തു. 

തങ്ങള്‍ വികസിപ്പിക്കാന്‍ പോകുന്ന വെന്റിലേറ്റര്‍ ഉപയോഗിച്ച്‌ ഒന്നിലധികം രോഗികളെ ചികിത്സിക്കാനാകുമെന്നും ഡിആര്‍ഡിഒ അധികൃതര്‍ പറയുന്നു. ഒരാഴ്ചക്കുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്നും ഡിആര്‍ഡിഒ പറയുന്നു.  രോഗികളെ ശുശ്രൂഷിക്കുവര്‍ ധരിക്കേണ്ട എന്‍99 മാസ്‌ക് അഞ്ച് ലെയര്‍ സുരക്ഷ ഉറപ്പാക്കുന്നതാണെന്നും അവര്‍ വിശദീകരിക്കുന്നു. തങ്ങള്‍ നിര്‍മിച്ച, ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ഉപയോഗിക്കേണ്ട ബോഡി സ്യൂട്ടുകള്‍ കഴുകി അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നവയാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

ആണവ വികിരണ ദുരന്തമേഖലകളിലെ രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതിനായാണ് ഈ സുരക്ഷാ വസ്ത്രം നിര്‍മിച്ചത്. വിവിധ ഏജന്‍സികളുടെ പരിശോധനയില്‍ ഇവ കൊറോണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാമെന്ന് തെളിഞ്ഞതായി അധികൃതര്‍ പറയുന്നു.

Content Highlights: DRDO's plan to defeat Corona