ന്യൂഡല്‍ഹി: ലോക്‌സഭയില്‍ രമ്യ ഹരിദാസ് എംപിയും ബിജെപി എംപിമാരും തമ്മില്‍ ഇന്നും കയ്യാങ്കളി. ഡല്‍ഹി കലാപത്തെക്കുറിച്ച് ഉടന്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധത്തിനിടയിലാണ് വനിതാ എംപിമാര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായത്. കഴിഞ്ഞ ദിവസവും സഭയില്‍ സമാനമായ സംഭവം അരങ്ങേറിയിരുന്നു.

ഡല്‍ഹി കലാപത്തെക്കുറിച്ച് ഹോളിക്ക് ശേഷം 11-ാം തീയതി ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും പ്രതിപക്ഷം ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി. തുടർന്ന് സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ബിജെപി എംപിമാര്‍ പ്രതിപക്ഷാംഗങ്ങളെ തടഞ്ഞു. 

പ്രതിഷേധിച്ച രമ്യാ ഹരിദാസ് എംപിയെ ബിജെപി എംപിമാര്‍ തടയുകയും ഉന്തുംതള്ളുമുണ്ടാവുകയും ചെയ്തു. ഇതിനിടയില്‍ പ്രതിപക്ഷാംഗങ്ങള്‍ ധനമന്ത്രി അവതരിപ്പിച്ച ബാങ്കിങ് റഗുലേഷന്‍ ബില്‍ വലിച്ചുകീറിയെറിഞ്ഞു. ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.

ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധത്തിനിടെ തിങ്കളാഴ്ചയും സഭയില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ ബിജെപി എം.പിമാര്‍ രംഗത്തെത്തി. തുടർന്നാണ് ഉന്തുംതള്ളും ഉണ്ടായത്. 

ബിജെപി എം.പി. ജസ്‌കൗണ്‍ മീണ, ശോഭ കരന്തലജെ എന്നിവരുടെ നേതൃത്വത്തില്‍ തന്നെ കൈയേറ്റം ചെയ്തതായി രമ്യ ഹരിദാസ് ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് രേഖാമൂലം പരാതി നല്‍കുകയും സ്പീക്കറുടെ മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തിരുന്നു.

Content Highlights: dramatic scenes in loksabha, Congress's Ramya Haridas alleges assault by BJP woman MPs