ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതിയിൽ വന്‍തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. നൈനിത്താൾ ജില്ലയിൽ 7 പേർ മരിച്ചതായി സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. തിങ്കളാഴ്ച നേപ്പാളിൽ നിന്നുള്ള 3 തൊഴിലാളികൾ അടക്കം അഞ്ച് പേരുടെ ജീവനാണ് ശക്തമായ മഴയിൽ നഷ്ടപ്പെട്ടത്. രണ്ട് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. 

ഉത്തരാഖണ്ഡിൽ നിന്നുള്ള മഴക്കെടുതിയുടെയും രക്ഷാപ്രവർത്തനത്തിന്റെയും നിരവധി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന കാറിനെ അതിസാഹസികമായി രക്ഷാപ്രവർത്തകർ പുറത്തെടുക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

 

ബദ്രിനാഥ് നാഷണൽ ഹൈവേയിൽ കൂടി യാത്രക്കാരുമായി പോവുകയായിരുന്ന കാർ ശക്തമായ മണ്ണിടിച്ചിലിൽ പെട്ട് ലംബാഗഡ് മലയിടുക്കിൽ കുടുങ്ങുകയായിരുന്നു. പാറയിടുക്കിൽ കുടുങ്ങിയ കാറിന് നേരെ ഇരച്ചെത്തുന്ന വെള്ളവും ദൃശ്യങ്ങളിൽ കാണാം. യാത്രക്കാർ സുരക്ഷിതരാണ്. 

അതേസമയം ഉത്തരാഖണ്ഡിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധമിയുമായി സംസാരിച്ചു. മഴക്കെടുതിയെ മറികടക്കാനുള്ള എല്ലാ സഹായങ്ങളും കേന്ദ്രം ഉറപ്പു നൽകിയിട്ടുണ്ട്.

നിലവിലെ കാലാവസ്ഥാ മാറ്റത്തെത്തുടർന്ന് ചർധാം വഴി തീർത്ഥാടകരുടെ ഹിമാലയൻ യാത്ര കാലാവസ്ഥ സാധാരണ രീതിയിലേക്ക് എത്തുന്നത് വരെ ഒഴിവാക്കാൻ വേണ്ടി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

ചന്ദ്രഭാഗ പാലം, തപോവൻ, ലക്ഷ്മൺ ജൂല തുടങ്ങിയിടങ്ങളിൽ കൂടിയുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് തീർത്ഥാടകർ അവരുടെ യാത്ര രണ്ട് ദിവസത്തേക്ക് നീട്ടിവെക്കാൻ വേണ്ടി മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. 

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ 1 മുതൽ 12 വരെയുള്ള ക്ലാസ്സുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെക്കിങ്ങിന്‌ നിരോധനം ഏർപ്പെടുത്തി, സംസ്ഥാനത്ത് ഉയർന്ന സ്ഥലങ്ങളിൽ നടക്കുന്ന ക്യാമ്പിങ്ങിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Content highlights: Dramatic Rescue As Car Stuck Between Rocks In Uttarakhand Rain