ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരും ആര്‍.ബി.ഐയും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ളതിന് സമാനമായ ബന്ധമാവണം ഉണ്ടാകേണ്ടത്.

റിസര്‍വ് ബാങ്കിന്റെ സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും സംരക്ഷിക്കപ്പെടണമെന്നും ന്യൂഡല്‍ഹിയില്‍ പുസ്തക പ്രകാശന ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഊര്‍ജിത് പട്ടേല്‍ രാജിവച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടാണ് അദ്ദേഹം പ്രതികരിച്ചത്. സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശക്തവും സ്വതന്ത്രവുമായ റിസര്‍വ് ബാങ്കാണ് നമുക്കാവശ്യം.

ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള മാര്‍ഗം സര്‍ക്കാരും ആര്‍.ബി.ഐയും കണ്ടെത്തുമെന്ന് പ്രത്യാശിക്കുന്നു. മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlights: Dr Manmohan Singh, RBI, Urjit Patel