ന്യൂഡല്‍ഹി: സസ്‌പെന്‍ഷന്‍ നടപടി സ്റ്റേ ചെയ്ത കോടതി ഉത്തരവിനു പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് ഡോ. കഫീല്‍ ഖാന്‍. ഉത്തരവിനു പിന്നാലെ തെരുവ് നര്‍ത്തകനൊപ്പം ചുവടുവെയ്ക്കുന്ന കഫീല്‍ ഖാന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കഫീല്‍ ഖാന്റെ ഭാര്യ ഡോ. ശഭിഷ്ട ഖാന്‍ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. 

2019ല്‍ ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രി സേവനത്തിനിടെയാണ് കഫീല്‍ ഖാന്‍ രണ്ടാം തവണ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടത്. ബഹ്‌റൈച്ച് ജില്ലാ ആശുപത്രിയില്‍ അനുമതിയില്ലാതെ രോഗികള്‍ക്ക് ചികിത്സ നല്‍കിയെന്നായിരുന്നു കഫീല്‍ ഖാനെതിരേയുളള കുറ്റം. ഗൊരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് നവജാത ശിശുക്കള്‍ മരണപ്പെട്ട സംഭവത്തിലും കഫീല്‍ ഖാനെതിരേ നടപടിയുണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹം കോടതിയെ സമീപിച്ചു. 

തന്നെ സസ്‌പെന്‍ഡ് ചെയ്തിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായെന്നും എന്നാല്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും കഫീല്‍ ഖാന്‍ കോടതിയെ അറിയിച്ചു. ആദ്യ സസ്‌പെന്‍ഷന്‍ കാലാവധിയിലിരിക്കേയാണ് രണ്ടാമത്തെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പാസായതെന്നും കഫീല്‍ ഖാന്‍ കോടതിയെ ബോധ്യപ്പെടുത്തി.

തുടര്‍ന്നാണ് ജസ്റ്റിസ് ശ്രീവാസ്തവയുടെ നേതൃതൃത്വത്തിലുള്ള ബെഞ്ച് വിഷയത്തില്‍ ഇടപെട്ടത്. കഫീല്‍ ഖാനെതിരേയുള്ള അന്വേഷണം ഒരു മാസത്തിനുളള്ളില്‍ പൂര്‍ത്തിയാക്കണമെന്നും അതുവരെ സസ്‌പെന്‍ഷന്‍ ഉത്തരവ് സ്റ്റേ ചെയ്യുമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. 

Content Highlights: Dr Kafeel Khan celebrates after court stays UP govt's second suspension order against him