ലഖ്നൗ: 2022-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ചെറുപാര്‍ട്ടികളുമായി സഖ്യത്തിനു താത്പര്യം പ്രകടിപ്പിച്ച് സമാജ്‌വാദി പാര്‍ട്ടി (എസ്.പി.) അധ്യക്ഷന്‍ അഖിലേഷ് യാദവ്. എല്ലാ ചെറുപാര്‍ട്ടികള്‍ക്കുമായി എസ്.പിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

വിവിധ പ്രശ്‌നങ്ങളില്‍ എസ്.പി.യെ ആക്രമിക്കുന്ന കോണ്‍ഗ്രസ്, ബി.എസ്.പി. പാര്‍ട്ടികള്‍ ആരുടെ പക്ഷത്താണെന്ന് വ്യക്തമാക്കണം. ബിജെപിക്ക് എതിരെയാണോ എസ്പിക്ക് എതിരെയാണോ അവരുടെ പോരാട്ടമെന്ന് ഈ പാര്‍ട്ടികള്‍ തീരുമാനിക്കണം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.പി.യ്‌ക്കൊപ്പം സഖ്യം രൂപവത്കരിക്കുന്നതിനു ഒട്ടേറെ ചെറുപാര്‍ട്ടികള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇനിയും കൂടുതല്‍ പേര്‍ വരും- വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അഖിലേഷ് പറഞ്ഞു. 

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ അദ്ദേഹം ബി.ജെ.പിയ്ക്കെതിരേ ആഞ്ഞടിച്ചു. ലോക്സഭയില്‍ 350-ല്‍ പരം സീറ്റുകള്‍ എന്‍.ഡി.എ.യ്ക്കുണ്ട്. മിക്ക സംസ്ഥാനങ്ങളിലും ഭരണം കൈയാളുന്നത് അവര്‍ തന്നെയാണ്. എന്നിട്ടും ഫോണ്‍ ചോര്‍ത്തി എന്തു കണ്ടുപിടിക്കാണ് അവര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ബന്ധുകൂടിയായ ശിവപാല്‍ യാദവിന്റെ പ്രഗതിഷീല്‍ സമാജ്‌വാദി പാര്‍ട്ടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ബി.ജെ.പി.യെ തോത്പിക്കുന്നതിനായി എല്ലാ പാര്‍ട്ടികളെയും ഒന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അഖിലേഷ് വ്യക്തമാക്കി. 

ഡൽഹിയിലെ കര്‍ഷക സമരത്തെക്കുറിച്ചു പ്രതിപാദിക്കവെ, എല്ലാവരും കര്‍ഷകരാണെന്നും കോര്‍പ്പറേറ്റരുകള്‍ക്ക് അവര്‍ക്കു ഭൂമി നഷ്ടപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും അഖിലേഷ് ആരോപിച്ചു.

Content Highlights: doors of sp open to all small parties for 2022 up polls akhilesh yadav