ന്യൂഡല്‍ഹി: മന്ത്രിയാവുക എന്നത് തന്റെ ലക്ഷ്യമല്ലെന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. നിയമം അനുവദിക്കുമെങ്കില്‍, പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള ശമ്പളം താന്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ഇന്ത്യ ടുഡേ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഞ്ജന്‍ ഗൊഗോയിയുടെ തുറന്നുപറച്ചില്‍.

എന്തുകൊണ്ട് രാജ്യസഭാംഗത്വം സ്വീകരിച്ചു എന്ന ചോദ്യത്തിന് എന്തുകൊണ്ട് സ്വീകരിക്കാന്‍ പാടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. എന്തുകൊണ്ട് ന്യായാധിപന്‍ ആവാനുള്ള അവസരം സ്വീകരിച്ചു എന്ന അതേകാരണമാണ് ഇതിനുപിന്നിലുമുള്ളത്. വളരെ മികച്ച രീതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് ന്യായാധിപന്‍ ആവാനുള്ള അവസരം എനിക്ക് ലഭിച്ചത്. അതായത് രാഷ്ട്രപതി ഒരു അവസരം തരുമ്പോള്‍ അത് നിരസിക്കാന്‍ പാടില്ല- ഗൊഗോയ് വ്യക്തമാക്കുന്നു. 

സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ച സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ചടങ്ങില്‍നിന്നും പ്രതിപക്ഷാംഗങ്ങള്‍ പുറത്ത് പോയതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. അത് പ്രതീക്ഷിച്ചിരുന്നതാണ്. ദിവസങ്ങളായി ആ ബഹിഷ്‌കരണത്തിന്റെ ആസൂത്രണങ്ങള്‍ നടക്കുകയായിരുന്നു. പ്രതിപക്ഷമാവുമ്പോള്‍ ചിലപ്പോള്‍ പുറത്തേക്ക് പോവും, ചിലപ്പോള്‍ അകത്തേക്കു വരും. അത് നമ്മളെ അലോസരപ്പെടുത്തേണ്ടതില്ലെന്നായിരുന്നു ഗൊഗോയിയുടെ പ്രതികരണം. 

അയോധ്യ അടക്കം ഈ അടുത്തുണ്ടായ സുപ്രധാനമായ സുപ്രീംകോടതി വിധികള്‍ക്കുള്ള മോദിസര്‍ക്കാരിന്റെ പ്രതിഫലമാണ് രാജ്യസഭാ സീറ്റ് എന്ന ആരോപണങ്ങളെ അദ്ദേഹം പാടെ തള്ളി. ഈ പ്രസ്താവനകള്‍ കോടതിയെ അവഹേളിക്കുന്നതല്ലേ എന്ന് താന്‍ ആശ്ചര്യപ്പെടുന്നു. വിധിന്യായങ്ങളെല്ലാം ഞാന്‍ ഒറ്റയ്ക്ക് എഴുതിയതാണോ? എന്റെ കൂടെ ഉണ്ടായിരുന്ന ജഡ്ജിമാര്‍ എന്തു ചെയ്യുകയായിരുന്നു, അവര്‍ ഇതില്‍ പങ്കെടുത്തില്ല എന്നാണോ നിങ്ങള്‍ കരുതുന്നത്? ഇത് ഒരു പ്രതിഫലമാണെങ്കില്‍ അതില്‍ എന്റെ കൂടെയുണ്ടായിരുന്ന ജഡ്ജിമാരും ഉത്തരവാദികളാണ്. എങ്ങനെ ആ തരത്തില്‍ പറയാന്‍ സാധിക്കും? സര്‍ക്കാരിനെതിരെ അഞ്ചു വിധിന്യായങ്ങള്‍ എഴുതിയാല്‍ മാത്രമേ നിങ്ങള്‍ രാജ്യസഭയിലേക്ക് യോഗ്യത നേടൂ എന്നുണ്ടോ? സര്‍ക്കാരിന് അനുകൂലമായി വിധി എഴുതിയാല്‍ നിങ്ങള്‍ യോഗ്യത ഇല്ലാത്തവരായിപ്പോവുമോ? പകരത്തിന് പകരമായിരുന്നെങ്കില്‍ എന്റെ സ്ഥാനം രാജ്യസഭാ സീറ്റില്‍ ഒതുങ്ങില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

നിയമം അനുവദിക്കുമെങ്കില്‍ രാജ്യസഭാംഗം എന്ന നിലയ്ക്ക് ലഭിക്കുന്ന ശമ്പളം ഞാന്‍ സ്വീകരിക്കില്ല. മന്ത്രിയാവുന്നതിനോടും തനിക്ക് താല്‍പര്യമില്ല. തന്റെ കുട്ടിക്കാലത്ത് തന്നെ കുടുംബത്തിനുള്ളില്‍ തന്നെയുള്ള മന്ത്രിമാരെ കണ്ടിട്ടുണ്ട്. അവരില്‍ ഒരാളാവാന്‍ എനിക്ക് താല്‍പര്യമില്ല. മന്ത്രിപദവി വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അത്തരമൊരു അവസരം തന്നെ കാത്തിരിക്കുന്നുണ്ടെന്ന് തോന്നുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഞാന്‍ ഒരു നേതാവോ രാഷ്ട്രീയക്കാരനോ അല്ല. കഴിഞ്ഞ 40 വര്‍ഷമായി ഞാന്‍ ഇടപെടുന്ന മേഖലയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളാല്‍ രാജ്യസഭയിലെ ചര്‍ച്ചകളെ അര്‍ഥവത്താക്കാനാണ് രാഷ്ട്രപതി എന്നോട് ആവശ്യപ്പെട്ടത്. അത് താന്‍ അനുസരിക്കുന്നു. ഒരു പാര്‍ട്ടിയില്‍ ചേരാനോ രാഷ്ട്രീയക്കാരനാവാനോ മന്ത്രിയാവാനോ എനിക്ക് ഉദ്ദേശമില്ല. പക്ഷെ പാര്‍ലമെന്റില്‍ നിയമസംവിധാനത്തെ പ്രതിഫലിപ്പിക്കേണ്ട ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ എനിക്ക് താല്‍പര്യമുണ്ട്. - അദ്ദേഹം വിശദീകരിച്ചു.

ഉദ്യോഗസ്ഥ സംവിധാനവും(എക്‌സിക്യുട്ടീവ്) നിയമസംവിധാനവും(ജുഡീഷ്യറി) ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത് എന്ന ആരോപണത്തേയും അദ്ദേഹം തള്ളി. നിയമത്തില്‍ തലയിടാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അപലപിക്കപ്പെടണം. പക്ഷെ യഥാര്‍ഥത്തില്‍ എന്താണ് ഈ സംവിധാനത്തിനുള്ളില്‍ നടക്കുന്നതെന്ന് പൊതുജനങ്ങള്‍ക്ക് അറിയില്ല. അതുകൊണ്ട് നിങ്ങളുടെ നീതിപീഠത്തെ, ന്യായാധിപനെ ഒരിക്കലും  അവിശ്വസിക്കരുത്. - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: dont want to become minister says ex cji ranjan gogoi