പ്രധാനമന്ത്രി നരേന്ദ്ര മോദി, കർഷക നേതാവ് രാകേഷ് ടികായത്ത്| Photo: ANI
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കര്‍ഷകര്‍ ആഗ്രഹിക്കുന്നില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്ത്. വിദേശത്ത് പ്രധാനമന്ത്രിക്കുള്ള പ്രതിച്ഛായ മോശമാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രം വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് ദിവസങ്ങള്‍ക്കു ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
പ്രധാനമന്ത്രി മാപ്പു പറയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. വിദേശത്ത് അദ്ദേഹത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും ആഗ്രഹിക്കുന്നില്ല. ഇനി എന്തെങ്കിലും തീരുമാനം എടുക്കുകയാണെങ്കില്‍ അത് കര്‍ഷകരുടെ സമ്മതമില്ലാതെ ആകരുത്. ഞങ്ങള്‍ സത്യസന്ധമായാണ് കൃഷിയിറക്കുന്നത്. എന്നാല്‍ കേന്ദ്രസർക്കാർ ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ല, ടികായത്ത് ട്വീറ്റ് ചെയ്തു.
കാര്‍ഷിക നിയമങ്ങള്‍ ഭാവിയില്‍ നടപ്പാക്കിയേക്കുമെന്ന കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുടെ പ്രസ്താവനയോടും ടികായത്ത് പ്രതികരിച്ചു. തോമറിന്റെ പരാമര്‍ശം കര്‍ഷകരെ വഞ്ചിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും പ്രധാനമന്ത്രിയെ അപമാനിക്കുന്നതാണെന്നും ടികായത്ത് പറഞ്ഞു. നിയമങ്ങള്‍ വീണ്ടും അവതരിപ്പിച്ചാല്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കാന്‍ രാജ്യതലസ്ഥാനത്തെ അതിര്‍ത്തികളില്‍ പ്രക്ഷോഭം നയിച്ച സംയുക്ത കിസാന്മോര്ച്ചയിലെ ഒരുവിഭാഗം കര്‍ഷകസംഘടനകള്‍ പഞ്ചാബില്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 117 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
കിസാന്‍മോര്‍ച്ചയില്‍ പഞ്ചാബിലെ 32 സംഘടനകളുണ്ടായിരുന്നു. ഇതില്‍ 22 സംഘടനകള്‍ ചേര്‍ന്നാണ് 'സംയുക്ത് സമാജ് മോര്‍ച്ച' രൂപവത്കരിച്ചത്. കിസാന്‍ മോര്‍ച്ച നേതാവായിരുന്ന ബല്‍ബീര്‍ സിങ് രജേവാള്‍ പാര്‍ട്ടിയെ നയിക്കും. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തില്‍ മത്സരിക്കാനാണ് ധാരണയെങ്കിലും പ്രഖ്യാപനം ഉണ്ടായിട്ടില്ല. അതേസമയം, പാര്‍ട്ടി പ്രഖ്യാപിച്ച സംഘടനകളുടെ തീരുമാനവുമായി ബന്ധമില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പേര് തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഉപയോഗിക്കരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
content highlights: dont want prime minister to apologise says farmers union leader rakesh tikait
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..